• Wed. Jan 8th, 2025

24×7 Live News

Apdin News

മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു?

Byadmin

Jan 2, 2025


സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് 179 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടസമയത്ത് വിമാനത്തിന്റെ വാല്‍ഭാഗത്ത് ഇരുന്ന ക്രൂ അംഗങ്ങളായ 32-കാരനായ ലീയും 25-കാരിയായ ക്വോണും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. അപകടസമയത്ത് ഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമായ വാല്‍ഭാഗത്തായിരുന്നതുകൊണ്ടു മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ആകെ 175 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ബോധം വന്നപ്പോള്‍, എങ്ങനെ ആശുപത്രിയിലെത്തിയെന്ന് ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു ലീ. അപകടത്തെക്കുറിച്ച് പറയാന്‍ ലീയ്ക്ക് സാധിച്ചില്ല. ലാന്‍ഡിങിന് മുന്‍പ് താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതായി ലീ ഡോക്ടര്‍മാരോട് പറഞ്ഞു. അപകടത്തിന്റെ ഞെട്ടലില്‍നിന്ന് ലീ പൂര്‍ണമായി മുക്തനായിട്ടില്ല. ലീയുടെ തോളിനും തലയ്ക്കും പരുക്കുണ്ട്. എന്നാല്‍ ക്വോണിന് അപകടത്തെക്കുറിച്ച് ഇതുവരെ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തലയോട്ടിക്കും കണങ്കാലിനും പൊട്ടലുണ്ട്.

2015-ല്‍ ടൈം മാഗസിന്‍ നടത്തിയ പഠനത്തില്‍, അപകടങ്ങളില്‍ പിന്‍ സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട വിമാനങ്ങളില്‍ പിന്‍ സീറ്റുകളില്‍ 32 ശതമാനമാണ് മരണ നിരക്ക്. മധ്യനിരയിലെ സീറ്റുകളില്‍ ഇത് 39 ശതമാനവും മുന്‍ഭാഗത്തെ സീറ്റുകളിലെ മരണനിരക്ക് 38 ശതമാനവുമാണ്.

ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ കസാഖ്സ്താനിലെ അക്തോയില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തില്‍ നിന്ന് 29 പേരാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ വാല്‍ഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും. 30 പേരാണ് അപകടത്തില്‍ മരിച്ചത്.

പോപ്പുലര്‍ മെക്കാനിക്‌സ് എന്ന മാഗസിന്‍ 1971 മുതല്‍ 2005 വരെ നടന്നിട്ടുള്ള വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനം പറയുന്നത് അപകടത്തില്‍പ്പെടുമ്പോള്‍ വിമാനത്തിലെ മറ്റ് സീറ്റുകളെ അപേക്ഷിച്ച് വാല്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത 40% വരെയാണെന്നാണ്.

എന്നാല്‍ ഇതുവരെ അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ദക്ഷിണകൊറിയക്ക് സാധിച്ചിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് ആക്ടിങ് പ്രസിഡന്റ് ചൊയ് സാങ് മോക് തിങ്കളാഴ്ച സുരക്ഷാസേനകളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഗതാഗതമന്ത്രാലയത്തോടും പോലീസിനോടും അപകടത്തെക്കുറിച്ച് അന്വേഷണം നടത്താനാവശ്യപ്പെട്ടു. രാജ്യത്തെ വ്യോമയാനമേഖലയിലെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാപരിശോധന നടത്താനും നിര്‍ദേശം നല്‍കി.

അപകടത്തിനു മുമ്പ് വിമാനത്തിന്റെ ചിറകില്‍ പക്ഷിയിടിച്ചതായി യാത്രക്കാരിലൊരാള്‍ ബന്ധുവിന് സന്ദേശമയച്ചതായി ‘ന്യൂസ് 1’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ലാന്‍ഡിങ്ങിന് തയ്യാറെടുക്കവെ പക്ഷി ഇടിച്ചെന്നും വിമാനം അപകടത്തിലാണെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരെ അറിയിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് കുറച്ച് അപകടത്തിന്റെ തീവ്രത കുറയ്ക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നാണ് സൂചനകള്‍.

ലാന്‍ഡിങ് ഗിയര്‍ തകരാറിലായ വിമാനം, ബെല്ലി ലാന്‍ഡിങ് (വിമാനത്തിന്റെ അടിഭാഗം ഇടിച്ചിറക്കുക) നടത്തി മുന്നോട്ടുനീങ്ങി. അതോടെ റണ്‍വേയില്‍നിന്ന് തെന്നിമാറി സുരക്ഷാമതിലിലിടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

2009-ല്‍ നിര്‍മിച്ചതാണ് അപകടത്തില്‍പ്പെട്ട വിമാനം. അമേരിക്കന്‍ കമ്പനിയായ ജി.ഇ. എയ്‌റോസ്‌പേസിന്റെയും ഫ്രഞ്ച് കമ്പനിയായ സഫ്രാന്റെയും സംയുക്തസംരംഭമായ സി.എഫ്.എം. ഇന്റര്‍നാഷണലാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.

The post മതിലില്‍ ഇടിച്ച് തീഗോളമായ ദ. കൊറിയന്‍ വിമാനം; 2 ക്രൂ അംഗങ്ങള്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു? first appeared on Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News | Online Newspaper.

By admin