• Tue. Sep 16th, 2025

24×7 Live News

Apdin News

മലയാളികളുടെ മഠാഠി ചിത്രം; ‘തു മാത്സാ കിനാരാ’ ഒക്ടോബർ 31 ന്

Byadmin

Sep 16, 2025


മറാഠി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ് ലയൺ ഹാർട്ട് പ്രാഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മറാഠി ചിത്രം ‘തു മാത്സാ കിനാരാ’ ഒക്ടോബർ 31 ന് തിയറ്ററുകളിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ ജേക്കബ് സേവ്യര്‍, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്.

ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. ഒരു അച്ഛന്‍റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ജീവിതത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണിത്. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി. എൽദോ ഐസ ക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ബാനർ ലയൺ ഹാർട്ട് പ്രൊഡക്ഷന്‍സ്, അഭിനേതാക്കള്‍- ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ, കാര്യനിർവാഹക നിർമ്മാതാവ് സദാനന്ദ് ടെംബൂള്കർ, ചീഫ് അസിസ്റ്റന്റ് ഡയറക്ട വിശാൽ സുഭാഷ് നണ്ട്ലാജ്കർ, അസിസ്റ്റന്റ് ഡയറക്ടർ മൗഷിൻ ചിറമേൽ, സംഗീതം സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ് അലൻ തോമസ്, ഗാനരചയിതാവ് സമൃദ്ധി പാണ്ഡെ, പശ്ചാത്തല സംഗീതം ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ ബിജിൻ മാത്യു, സൗണ്ട് ഡിസൈനറും മിക്‌സറും അഭിജിത് ശ്രീറാം ഡിയോ, ഗായകർ അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു, ഡി ഐ കളറിസ്റ്റ് ഭൂഷൺ ദൽവി, എഡിറ്റർ സുബോധ് നർക്കർ, വസ്ത്രാലങ്കാരം ദർശന ചൗധരി, കലാസംവിധായകൻ അനിൽ എം കേദാർ, വിഷ്വൽ പ്രമോഷൻ നരേന്ദ്ര സോളങ്കി, വിതരണം, റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് മീഡിയ വൺ സൊല്യൂഷൻ, ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ പി ആർ സുമേരൻ.

By admin