Posted By: Nri Malayalee
February 26, 2025

സ്വന്തം ലേഖകൻ: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുൻപാണ് ജര്‍മനിയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സംസ്കാരം നാട്ടില്‍ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. മരണവിവരം ബര്‍ലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.