• Sat. Apr 5th, 2025

24×7 Live News

Apdin News

മലയാള സിനിമയിൽ ഇത് ചരിത്രം, എമ്പുരാന്റെ ആ​ഗോള തിയേറ്റർ ഷെയർ 100 കോടി, സന്തോഷമറിയിച്ച് മോഹൻലാൽ

Byadmin

Apr 5, 2025


മലയാള സിനിമയിൽ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മോഹൻലാലാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണ് എമ്പുരാൻ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മറ്റൊരു നേട്ടംകൂടി എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രം​ഗങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നിരുന്നത്. പിന്നാലെ രണ്ടുദിവസം മുൻപ് ചിത്രത്തിലെ രണ്ട് മിനിറ്റും എട്ട് സെക്കൻഡും വരുന്ന രം​ഗങ്ങൾ നീക്കംചെയ്ത് പുതുക്കിയ പതിപ്പ് തിയേറ്ററുകളിലെത്തി. വില്ലന്റെ പേരും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നീക്കം ചെയ്ത രം​ഗങ്ങളിൽപ്പെടുന്നു.

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

By admin