ചിങ്ങത്തിന്റെ വരവറിയിച്ച് നീലപ്പൂക്കളുടെ പരവതാനിവിരിച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ മാടായി പാറ. ഓണക്കാലത്ത് നീലവസന്തം തീർക്കുന്ന മാടായിപ്പാറയെ തേടി ദൂര ദേശങ്ങളിൽ നിന്നുപോലും നിരവധിപേരാണ് വന്നെത്തുന്നത്.അത്രയ്ക്ക് മനോഹരമാണ് ഇവിടവും ഇവിടത്തെ കാഴ്ചകളും.

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് പേരുകേട്ട 600 ഏക്കറിലായി പരന്നുകിടക്കുന്ന പീഠഭൂമിയാണ്. വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച കോടിയുടുക്കുന്ന, അതേസമയം വസന്തത്തിൽ നീല കാട്ടുപൂക്കളണിയുന്ന അതിമനോഹരിയായ മാടയിപ്പാറ പ്രക്യതിയൊരുക്കിയ കാഴ്ചയുടെ ഒരു വിസ്മയം തന്നെയാണ്.

യൂട്ട്രിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാക്കപ്പൂവ് പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം. പുല്ലിനോടൊപ്പമാണ് മാടായിപ്പാറയില്‍ കാക്കപ്പൂ കാണപ്പെടുന്നത്. ഓണത്തിൻ്റെ ഭാഗമായി വീടുകളിൽ പൂക്കളമൊരുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രധാന നാടൻ പൂക്കളിലൊന്നാണ് കാക്കപ്പൂക്കൾ. കിണ്ടിപ്പൂവെന്ന പേരിലും ചിലയിടങ്ങളിൽ ഇതു അറിയപ്പെടുന്നുണ്ട്.


വിശാലമായ ജലാശയങ്ങളുള്ള ജൈവ സങ്കേതമായ മാടായിപ്പാറയിലെ ഉറവയുള്ള പാറകൂട്ടങ്ങൾക്കിടയിലും പുൽത്തകിടിയിലുമാണ് കാക്കപ്പൂവിന്റെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത്. ചിലയിടങ്ങളിൽ വളരെ അപൂർവ്വമായി കാക്കപ്പൂക്കൾ ഓണകാലമാകുമ്പോൾ വയലുകളിലും വിരിയാറുണ്ട്. വയലിൽ വിരിയുന്ന പൂക്കൾക്ക് വലുപ്പം കൂടുതലാണുള്ളത്. നെൽവയലിൻ കാണപ്പെടുന്നതിനാൽ ഇതിനെ നെല്ലിപ്പൂവെന്നും അറിയപ്പെടാറുണ്ട്. കാക്കപ്പൂവ് മാത്രമല്ല ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ കൂടിയാണ് മാടായിപ്പാറ.


നീലപ്പൂ , കൃഷ്ണപ്പൂ ,തുമ്പപ്പൂ തുടങ്ങി അപൂർവ്വമായ നാനൂറിലേറെ സസ്യജാലങ്ങളും അപൂർവങ്ങളായ ചിത്രശലഭങ്ങളെയും 70ഓളം പക്ഷികളെയും ഇവിടെ കണ്ടെത്തിയിയിട്ടുണ്ട്. മുപ്പതിലധികം ഇനം പുല്‍ച്ചെടികള്‍ ഇവിടെ തളിര്‍ത്ത് വളരുന്നു. 350ഓളം ഇനം മറ്റുചെടികളുമുണ്ട്. ഇതില്‍ 24 എണ്ണം ഔഷധ പ്രാധാന്യമുള്ളവയാണ്.

ലോകത്തിലെ ഏറ്റവും അപൂർവമായ ചില സസ്യങ്ങളായ നിംഫോയിഡ്സ് കൃഷൻകേസര , റോട്ടാല മലബാരിക്ക , ലിൻഡെർണിയ മാടായിപാരെൻസ് , എറിയോകോളോൺ മാടായിപാരെൻസ് മുതലായവയുടെ സാന്നിധ്യത്താൽ ഈ പ്രദേശം ശ്രദ്ധേയമാണ്.


കണ്ണൂര്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിൽ സ്ഥിതിചെയ്യുന്ന മാടായിപ്പാറക്ക് നമ്മോട് പറയാൻ പൂക്കളുടെ പെരുമ മാത്രമല്ല മറിച്ച് ചരിത്രങ്ങൾ ഏറെയാണ് പണ്ടുകാലംമുതൽക്കേ നാവികർക്ക് വഴികാട്ടിയായ ഏഴിമലക്ക് തൊട്ടുകിഴക്കായാണ് മാടായിപ്പാറ സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലക്ക് നാല് ചുറ്റും കടലായിരുന്നുവെന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് ‘മാടായി’ എന്ന് പിന്നീട് അറിയപ്പെട്ടത്.


ജൂതക്കുളം
ഇന്ത്യയില്‍ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നത്. ഈ പ്രദേശത്ത് പുരാതന ജൂത വാസത്തെക്കുറിച്ചു സൂചന നൽകുന്ന, വാൽ കണ്ണാടിയുടെ ആകൃതിയിലുള്ള ജൂതക്കുളവും, വാച്ച് ടവറുകളുടെ അവശിഷ്ടങ്ങളും കാണാം. കരിമ്പാറ വെട്ടിയണ് കുളത്തിെൻറ നിർമാണം. ജൂതക്കുളത്തിൽ ഇരതേടാനും വെള്ളം കുടിക്കാനും നിരവധി പക്ഷികൾ എത്താറുണ്ട്.

മടായിക്കോട്ട
മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന പുരാതന കോട്ടയാണിത്. 2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായി പ്പാറയിലെ കോട്ട. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷിയാണ് ഈ കോട്ട. ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്. ഉള്ളിലായി ആഴമേറിയ മൂന്നു കിണറുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

മാടായി കാവ്
കാളി , ശക്തി ദേവിയുടെ മാടായി കാവ് (തിരുവർ കടു ഭഗവതി ക്ഷേത്രം) , ശിവന് സമർപ്പിച്ചിരിക്കുന്ന വടുകുന്ന് ക്ഷേത്രം എന്നിവയുള്ള സ്ഥലമാണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ്റെ അനുയായികൾ മാടായിപ്പാറയിലെ ശിവക്ഷേത്രം തകർത്തു. എന്നിരുന്നാലും, ഇപ്പോൾ അത് പുനർനിർമിച്ചു.

മാലിക് ഇബ്നു ദിനാർ പള്ളി
മുസ്ലീം മതപ്രഭാഷകനായ മാലിക് ഇബ്നു ദിനാർ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്ന മാലിക് ഇബ്നു ദിനാർ പള്ളിക്കും ഈ പ്രദേശം പേരുകേട്ടതാണ്.
ഈ ചരിത്ര സമ്പന്നത മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യത്തിന് ആഴം കൂട്ടുന്നു. പ്രകൃതിസൗന്ദര്യത്തിനപ്പുറം ചരിത്രവും പാരിസ്ഥിതിക പ്രാധാന്യവും നിറഞ്ഞതാണ് ഇവിടം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് കഥകളുണ്ട് മാടായിപാറയ്ക്ക് പറയാൻ…