മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മാധ്യമ കുലപതിയാണ് ടിജെഎസ് ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ നിന്നാണ് ടിജെഎസ് ജോര്‍ജിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഡിറ്റോറിയല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടിജെഎസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന ആത്മകഥ ഏറെ പ്രസിദ്ധമാണ്. ഇതുള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചു. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി, പോത്തന്‍ ജോസഫ് മുതലായവരുടെ ജീവചരിത്രങ്ങളെഴുതിയിട്ടുണ്ട്. 2011ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചു. അമ്മു ജോര്‍ജാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരന്‍ ജീത് തയ്യിലും ഷേബ തയ്യിലും മക്കളാണ്.