ബോളിവുഡ് താരം ആമിർ ഖാൻ മുംബൈയിലെ സാന്റാക്രൂസ് വെസ്റ്റിൽ മൂന്ന് ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തു. മൂന്ന് ഫ്ലാറ്റുകൾക്കുമായി പ്രതിമാസം 38 ലക്ഷം രൂപയാണ് വാടകയായി നൽകേണ്ടത്. നാല് വർഷത്തേക്കാണ് കരാർ. 2027 ജനുവരി ഒന്ന് മുതൽ 2030 ഡിസംബർ 31 വരെയാണ് വാടകക്കാലാവധി. ഇതോടെ നാല് വർഷത്തെ ആകെ വാടകത്തുക ഏകദേശം 19.65 കോടി രൂപയാകും.
സാന്റാക്രൂസ് വെസ്റ്റിലെ നോർത്ത് അവന്യൂവിലുള്ള സീസൺസ് ത്രിമൂർത്തി കെട്ടിടത്തിലാണ് മൂന്ന് ഫ്ലാറ്റുകളും. പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച സിആർഇ മെട്രിക് ആണ് ഇടപാടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് ഫ്ലാറ്റുകൾക്കുമായി ആകെ 12,200 ചതുരശ്രയടി വിസ്തീർണമുണ്ട്. ഒൻപത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
മൂന്ന് ഫ്ലാറ്റുകളിൽ ഏറ്റവും വലുതിന് 6,200 ചതുരശ്രയടി വിസ്തീർണമാണുള്ളത്. ഇതിന് പ്രതിമാസം 20 ലക്ഷം രൂപയാണ് വാടക. മറ്റ് രണ്ട് ഫ്ലാറ്റുകൾക്ക് 3,000 ചതുരശ്രയടി വീതം വിസ്തീർണമുണ്ട്. ഇവയ്ക്ക് ഒൻപത് ലക്ഷം രൂപ വീതമാണ് പ്രതിമാസ വാടക.
മൂന്ന് ഫ്ലാറ്റുകൾക്കുമായി 38 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ആമിർ ഖാൻ നൽകിയിട്ടുണ്ട്. പ്രതിവർഷം വാടകയിൽ അഞ്ച് ശതമാനം വർധനവുണ്ടാകും. ആദ്യ വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം 4.56 കോടി രൂപയാണ് വാടകയിനത്തിൽ ലഭിക്കുക.
മുംബൈയിൽ ആമിർ ഖാന്റെ ഉയർന്ന മൂല്യമുള്ള വാടക ഇടപാടുകളിൽ ആദ്യത്തേതല്ല ഇത്. 2025ൽ ബാന്ദ്രയിലെ പാലി ഹില്ലിൽ നാല് ഫ്ലാറ്റുകൾ പ്രതിമാസം 24.5 ലക്ഷം രൂപയ്ക്ക് താരം വാടകയ്ക്കെടുത്തിരുന്നു. നർഗീസ് ദത്ത് റോഡിലെ വിൽനോമോണ അപ്പാർട്ട്മെന്റിലായിരുന്നു ഈ ഫ്ലാറ്റുകൾ.
ബാന്ദ്രയിലെ വിർഗോ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ ഏകദേശം 12 ഫ്ലാറ്റുകൾ ആമിർ ഖാന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഹിൽ വ്യൂ, ബെല്ല വിസ്ത, മറീന അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിലും നിക്ഷേപങ്ങളുണ്ട്. ബാന്ദ്രയിൽ കടൽത്തീരത്തോട് ചേർന്നുള്ള വീടും താരത്തിനുണ്ട്.