• Thu. Oct 16th, 2025

24×7 Live News

Apdin News

മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണം; ബഹിഷ്‌ക്കരിക്കുമെന്നും ഐവൈസിസി

Byadmin

Oct 16, 2025


മനാമ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 17 ന് ബഹ്റൈനില്‍ നടത്തുന്ന സന്ദര്‍ശനം ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ബഹിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പോലീസ് രാജിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

പ്രവാസികളുടെ ക്ഷേമം വാക്കുകളില്‍ മാത്രം ഒതുക്കുകയും, പ്രവാസ ലോകത്തെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുക കൂടി ചെയ്യുന്ന സര്‍ക്കാരിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ യാതൊരു അര്‍ഹതയുമില്ല.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണം മറക്കാന്‍, ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സിപിഎം പോലീസിനെ ഉപയോഗിച്ച് ആക്രമിച്ചതടക്കമുള്ള പദ്ധതികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്.

തൃശ്ശൂര്‍ കുന്നംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് ക്രൂരമായി പോലീസ് ലോക്കപ്പില്‍ മര്‍ദ്ദിക്കപ്പെട്ട വിഷയത്തില്‍ നാളിതുവരെ വാ തുറക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ യുവജന സംഘടനകളെയും പ്രതിപക്ഷ നേതാക്കളെയും അടിച്ചമര്‍ത്തുന്ന പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്.

സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കും, യുവജന നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ക്കും മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതുണ്ട്. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്. മുന്‍പ് വന്നപ്പോള്‍ നടത്തിയ പ്രസംഗത്തിലെ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും നടപ്പാക്കിയിട്ടില്ല.

ലോക കേരള സഭ എന്ന് പറഞ്ഞ് പ്രവാസികളുടെ പേരില്‍ ധൂര്‍ത്ത് നടത്തുന്ന പരിപാടി അല്ലാതെ എന്ത് ഗുണമാണ് പ്രവാസി സമൂഹത്തിന് അതുകൊണ്ട് ഉണ്ടായത്. പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ കിട്ടാന്‍ അപേക്ഷിച്ച് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. ഇത്തരം വിഷയങ്ങളിലൊക്കെ ഒരു പരിഹാരവും കാണാതെ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വീണ്ടും കപട വാഗ്ദാനം നല്‍കാന്‍ മാത്രമാണ് ഈ വരവ്.

കേരളത്തിലെ സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, ഭരണ സിരാകേന്ദ്രങ്ങളെ പോലും കളങ്കപ്പെടുത്തിയ അഴിമതി ആരോപണങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ച, വര്‍ധിച്ചു വരുന്ന ജനദ്രോഹ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുന്നത്.

കേരളത്തിന്റെ വികസനത്തെക്കുറിച്ചും, പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും വെറും വാക്ക് പറഞ്ഞ് വാചാലനാകാന്‍ ഒരുങ്ങുന്ന മുഖ്യമന്ത്രി, ആദ്യം കേരളത്തിലെ സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബഹ്റൈനില്‍ ഒരുക്കുന്ന എല്ലാ സ്വീകരണ പരിപാടികളില്‍ നിന്നും ഐവൈസിസി ബഹ്റൈന്‍ വിട്ടുനില്‍ക്കും.

പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തില്‍ വിയോജിപ്പുള്ള എല്ലാ പ്രവാസികളും ഈ ബഹിഷ്‌കരണത്തില്‍ പങ്കുചേരും എന്നാണ് മനസ്സിലാക്കുന്നത് എന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പറഞ്ഞു.

 

The post മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണം; ബഹിഷ്‌ക്കരിക്കുമെന്നും ഐവൈസിസി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin