• Mon. Sep 1st, 2025

24×7 Live News

Apdin News

മുങ്ങല്‍ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജേതാവായി റഷ്യന്‍ പ്രവാസി

Byadmin

Aug 31, 2025


മനാമ: ബഹ്‌റൈനില്‍ നടന്ന മുങ്ങല്‍ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജേതാവായി റഷ്യന്‍ പ്രവാസി. രാജ്യത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരത്തില്‍ 36 കാരനായ ആന്‍ഡ്രി കിരിചെങ്കോയാണ് വിജയിച്ചത്. ബഹ്‌റൈനില്‍ ബിസിനസുകാരനാണ് ആന്‍ഡ്രി.

സമുദ്രത്തില്‍ ശ്വാസമടക്കി മുങ്ങിക്കിടക്കുന്നതാണ് മത്സരം. നാല് മിനിറ്റും 44 സെക്കന്‍ഡും വെള്ളത്തില്‍ മുങ്ങിക്കിടന്നാണ് ആന്‍ഡ്രി വിജയം സ്വന്തമാക്കിയത്. ‘ബഹ്റൈനി പൈതൃകവുമായി ബന്ധപ്പെട്ട ഒരു മത്സരത്തില്‍ ഒരു വിദേശി എന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ സന്തോഷവും ബഹുമതിയുമാണ്’, ആന്‍ഡ്രി പറഞ്ഞു.

മുന്‍ വര്‍ഷത്തെ തന്റെ റെക്കോര്‍ഡ് 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ മെച്ചപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. 2019 മുതല്‍ ബഹ്റൈനില്‍ പ്രവാസിയായ ആന്‍ഡ്രി വിവാഹം ചെയ്തത് ബഹ്റൈന്‍ സ്വദേശിയായ ഫാത്തിമയെയാണ്. നീന്തല്‍, മുങ്ങല്‍, സ്പിയര്‍ ഫിഷിംഗ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഇഷ്ടവിനോദം.

ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംവാജ് ദ്വീപുകള്‍ക്ക് സമീപം നടന്ന മത്സരത്തില്‍ 50 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ സമുദ്ര പൈതൃകം പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന വാര്‍ഷിക പരിപാടിയാണ് മൗറൂത്ത് സംഘടിപ്പിക്കുന്ന ഈ മത്സരം.

 

The post മുങ്ങല്‍ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജേതാവായി റഷ്യന്‍ പ്രവാസി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin