• Fri. Mar 28th, 2025

24×7 Live News

Apdin News

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

Byadmin

Mar 25, 2025





മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഭൂമിയേറ്റെടുക്കൽ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകൾ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സർക്കാരിന് മുന്നിൽ പ്രതിസന്ധികൾ ഒഴിവാവുകയാണ്. എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാർക്ക് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.

നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എല്‍സ്റ്റണ്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും വ്യക്തമാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മുന്നിൽ തടസ്സങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ നടപടികൾ പൂർത്തിയാക്കി പുനരധിവാസ നടപടികൾ വേഗത്തിൽ ആക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

ഈ മാസം 27 നാണ് മുഖ്യമന്ത്രി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തറക്കല്ലിടുന്നത്. അതേസമയം, മുണ്ടക്കൈയിൽ നിന്നുള്ള 17 പേരെയും റാട്ടപ്പാടിയിലെ കുടുംബങ്ങളെയും പടവെട്ടിക്കുന്ന്, വില്ലേജ് റോഡ് പ്രദേശവാസികളെയും പട്ടികയിൽ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.



By admin