• Tue. Nov 26th, 2024

24×7 Live News

Apdin News

മുന്നൊരുക്കം? ഇസ്രായേലി നുള്ള തിരിച്ചടി ഉടനെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 26, 2024


Posted By: Nri Malayalee
November 25, 2024

സ്വന്തം ലേഖകൻ: ഇസ്രായേൽ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നൽകി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന് ഉചിതമായ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സർക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്നും അദ്ദേഹം അറിയിച്ചു.

ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീമി’നു നൽകിയ അഭിമുഖത്തിലാണ് അലി ലാരിജാനി പ്രത്യാക്രമണ നീക്കത്തെ കുറിച്ചു വെളിപ്പെടുത്തിയത്. ഇസ്രായേലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണു പ്രധാനപ്പെട്ട വിഷയമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം വളരെ സൂക്ഷിച്ചാണു കൈകാര്യം ചെയ്യുന്നത്. ഇസ്രായേലിനുള്ള തിരിച്ചടിയിൽ ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാകണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണു നടക്കുന്നതെന്നും ലാരിജാനി വെളിപ്പെടുത്തി.

ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ കൃത്യമായ തീരുമാനം കൈക്കൊള്ളാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിലേക്ക് എത്താനുള്ള വ്യത്യസ്തമായ വഴികളെ കുറിച്ചുള്ള ആലോചനയിലാണ് അവർ. ഇറാന്റെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മതയും രഹസ്യാത്മകതയും ആവശ്യമാണെന്നും അലി ലാരിജാനി പറഞ്ഞു.

അടുത്തിടെ ലാരിജാനി ലബനാനിലും സിറിയയിലും സന്ദർശനം നടത്തിയിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അലി ഖാംനഇയുടെ സന്ദേശങ്ങൾ കൈമാറാൻ പോയതായിരുന്നുവെന്നായിരുന്നു പ്രതികരണം. ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമായ കാര്യങ്ങളാണു സന്ദേശത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുമായുള്ള ചർച്ചകളുടെ സാധ്യതയെ കുറിച്ചും ലാരിജാനി പ്രതികരിച്ചു.

മരിച്ച മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ കാലത്തു തന്നെ യുഎസുമായി ചർച്ചകൾ നടന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ താൽപര്യം കൂടി പരിഗണിച്ചാകും ഭാവിയിൽ ഇത്തരം ചർച്ചകൾ നടക്കുക. മുൻപ് ഇറാഖിൽ യുഎസുമായി ചർച്ച നടത്താൻ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ താൽപര്യത്തിന് അനുസരിച്ചാകും ചർച്ചകളെന്നായിരുന്നു അന്നു നൽകിയ മറുപടി. ഇറാനിലെ സ്ഥിതിഗതികൾ ശാന്തമാകണമെന്നായിരുന്നു ഇറാന്റെ താൽപര്യം. അതുകൊണ്ടാണ് അന്ന് അമേരിക്കയുമായി ചർച്ച നടത്തിയതെന്നും അലി ലാരിജാനി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടന്നത്. ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണിതെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. നൂറിലേറെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇറാൻ വ്യോമാതിർത്തിയിൽ കടന്നുകയറിയാണ് വ്യോമാക്രമണം നടത്തിയത്. 2,000 കി.മീറ്റർ ദൂരം സഞ്ചരിച്ചാണ് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും കറാജിലും ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നേരത്തെ, പ്രതീക്ഷിക്കപ്പെട്ടതിൽനിന്നു വ്യത്യസ്തമായി സൈനിക താവളങ്ങളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. ഇറാന്റെ ആണവ-ഊർജ താവളങ്ങളിൽ ആക്രമണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. ഇറാനു വലിയ നഷ്ടങ്ങളുണ്ടായെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. എന്നാൽ, ആക്രമണത്തിന്റെ യഥാർഥ ചിത്രവും ആളപായ-നാശനഷ്ട വിവരങ്ങളും ഇനിയും വ്യക്തമല്ല.

ഇറാനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഇസ്രായേൽ ധരിച്ചുവച്ചിരിക്കുന്നതെന്നും അതെല്ലാം തിരുത്തിക്കൊടുക്കണമെന്നും ആക്രമണത്തിനു പിന്നാലെ പരമോന്നത നേതാവ് ഖാംനഇ പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥർ കൃത്യമായ വിലയിരുത്തലുകൾ നടത്തി രാജ്യത്തിന്റെ താൽപര്യത്തിന് ഉചിതമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിലൂടെ ഇറാൻ ജനതയും ഇറാൻ യുവതയും ആരാണെന്ന് ശത്രുക്കൾ തിരിച്ചറിയണമെന്നും ആയത്തുല്ല അലി ഖാംനഇ സൂചിപ്പിച്ചിരുന്നു.

By admin