
തിരുവനന്തപുരം: മുൻ ഇന്ത‍്യൻ താരം എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്നു വർഷത്തേക്ക് വിലക്കി. സഞ്ജു സാംസൺ വിവാദത്തിൽ നടത്തിയ പ്രസ്താവനയെ തുടർന്നാണ് വിലക്ക്. ശ്രീശാന്തിന്‍റെ പ്രസ്താവന വാസ്തവ വിരുദ്ധവും അപമാനകരവുമാണെന്ന് കെസിഎ കുറ്റപ്പെടുത്തി.
അതേസമയം സഞ്ജു സാംസണിന്‍റെ പിതാവിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കെസിഎ തീരുമാനിച്ചു. ചാംപ‍്യൻസ് ട്രോഫിക്കുള്ള ഇന്ത‍്യൻ ടീമിൽ സഞ്ജു ഇടംപിടിക്കാതിരുന്നതിൽ കേരള ക്രിക്കറ്റ് അസോസിയേഷന് പങ്കുണ്ടെന്നായിരുന്നു ശ്രീശാന്തിന്‍റെ പ്രസ്താവന.
പിന്നാലെ ശ്രീശാന്തിനെതിരേ കെസിഎ വലിയ തോതിൽ വിമർശനം നടത്തിയിരുന്നു. വാതുവയ്പ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നും എന്നിട്ടും രഞ്ജി ട്രോഫിയിൽ അവസരം നൽകിയെന്നും കെസിഎ അന്ന് പറഞ്ഞിരുന്നു.
കേരള ക്രിക്കറ്റ് ലീഗ് ഫ്രൈഞ്ചൈസി ടീം കൊല്ലം ഏരീസിന്‍റെ സഹ ഉടമയാണ് ശ്രീശാന്ത്. വിവാദ പരാമർശങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കണ്ടന്‍റർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇവരെല്ലാം നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതിനാൽ നടപടികൾ സ്വീകരിച്ചില്ല.