Posted By: Nri Malayalee
November 6, 2024
സ്വന്തം ലേഖകൻ: റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയൻ സൈന്യത്തെ ആദ്യമായി നേരിട്ട് യുക്രെയ്ൻ സൈന്യം. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്തെ ഉമറേവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ കുർസ്ക് അതിർത്തി മേഖലയിൽ യുക്രെയ്ൻ സൈന്യം പീരങ്കിയുമായാണ് ഉത്തര കൊറിയൻ സൈന്യത്തെ നേരിട്ടത്.
റഷ്യൻ, ഉത്തരകൊറിയൻ സൈനികർ ഒരുമിച്ചാണ് യുദ്ധമുന്നണിയിലുള്ളതെന്നും യൂണിഫോം വഴി ഇവരെ തിരിച്ചറിയാനാകില്ലെന്നും ഉമറേവ് ദക്ഷിണകൊറിയൻ മാധ്യമമായ കെബിഎസിനോടു പറഞ്ഞു.
3000 പേർ വീതം ഉൾപ്പെടുന്ന അഞ്ചു യൂണിറ്റ് ഉത്തരകൊറിയൻ സൈന്യത്തെയാണ് കുർസ്ക് മേഖലയിൽ വിന്യസിച്ചിട്ടുള്ളതെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രി പറഞ്ഞു. 10,000 ഉത്തരകൊറിയൻ സൈനികരെ റഷ്യയിൽ വിന്യസിച്ചിട്ടുണ്ടെന്നു പെന്റഗൺ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 13 ലക്ഷം വരുന്ന ഉത്തര കൊറിയൻ സൈന്യത്തിൽനിന്ന് ഇനിയും കൂടുതൽ പേർ റഷ്യയിലെത്തുമെന്നാണു നിഗമനം.