Posted By: Nri Malayalee
January 24, 2025
സ്വന്തം ലേഖകൻ: ഉല്‍പ്പന്നം അമേരിക്കയില്‍ നിർമിച്ചില്ലെങ്കിൽ തീരുവ നല്‍കേണ്ടി വരുമെന്നു ലോകരാജ്യങ്ങൾക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ വിഡിയോ സന്ദേശത്തിലൂടെയാണു ട്രംപിന്റെ ഭീഷണി. രണ്ടാമതും പ്രസിഡന്റായ ശേഷമുള്ള ആദ്യ ആഗോള പരിപാടിയിൽ വൈറ്റ് ഹൗസില്‍നിന്ന് സംസാരിച്ച ട്രംപിനെ കയ്യടികളോടെയാണു സദസ്സ് സ്വീകരിച്ചത്.
നികുതി കുറയ്ക്കാനും നിയമവിരുദ്ധ കുടിയേറ്റത്തെ നിയന്ത്രിക്കാനും വ്യവസായങ്ങളെ സ്വാതന്ത്രമാക്കാനുമുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇക്കൂട്ടത്തിലായിരുന്നു മുന്നറിയിപ്പും. ‘‘നിങ്ങളുടെ ഉല്‍പ്പന്നം നിര്‍മിക്കാന്‍ അമേരിക്കയിലേക്കു വരിക, ഭൂമിയിലെ ഏറ്റവും താഴ്ന്ന നികുതി നിരക്കുകളിലൊന്ന് നല്‍കും. പക്ഷേ നിങ്ങള്‍ അമേരിക്കയില്‍ ഉല്‍പ്പന്നം നിര്‍മിക്കുന്നില്ലെങ്കില്‍ തീരുവ നല്‍കേണ്ടിവരും’’– ട്രംപ് പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധവും എണ്ണവിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൂചിപ്പിച്ചു. ക്രൂഡ് വില കുറയ്ക്കാന്‍ സൗദി അറേബ്യയോടും ഒപെകിനോടും ആവശ്യപ്പെടും. എണ്ണവില കുറഞ്ഞാല്‍ റഷ്യ-യുക്രയ്ന്‍ യുദ്ധം ഉടനടി അവസാനിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 2018ലും 2020ലും ട്രംപ് നേരിട്ട് ദാവോസിൽ എത്തിയിരുന്നു. വിഡിയോ കോൺഫറൻസിലൂടെയാണ് ഇത്തവണ പങ്കെടുത്തതെങ്കിലും അദ്ദേഹത്തെ കേള്‍ക്കാന്‍ ആളുകള്‍ ക്യൂവില്‍ നിന്നു.