• Mon. Aug 4th, 2025

24×7 Live News

Apdin News

മെസിക്ക് വേണ്ടി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

Byadmin

Aug 4, 2025





തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അര്‍ജന്റൈന്‍ ടീം എത്തുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശന നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരമായിരിക്കുമിത്. മെസി ഇതാദ്യമായല്ല ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുന്നത്. 2011ല്‍ അര്‍ജന്റീന ദേശീയ ടീമും മെസിയും ഇന്ത്യയിലേക്ക് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരവും അന്ന് അര്‍ജന്റീന കളിച്ചിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മെസി വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാവുമെന്നുറപ്പാണ്.



By admin