
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‌റ് വ്ലാഡിമിർ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്നും സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ പറഞ്ഞു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി റഷ്യയിലേക്കാണ് തന്റെ ആദ്യ വിദേശ സന്ദർശനം നടത്തിയതെന്നും ഇനി തങ്ങളുടെ ഊഴമാണെന്നും ലാവ്‌റോവ പറഞ്ഞു. പുടിന്റെ സന്ദർശനം സ്ഥിരീകരിച്ച ലാവറോവ എന്നാൽ സന്ദര്‍ശനത്തിന്‌റെ തീയതികള്‍ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 2022ല്‍ യുക്രെയിനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
2024-ൽ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം, ജൂലൈയിൽ നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമായിരുന്നു ഇത്. 2019 ലായിരുന്നു പ്രധാനമന്ത്രി അവസാനമായി റഷ്യ സന്ദർശിച്ചത്. ഫാർ ഈസ്റ്റ് നഗരമായ വ്‌ളാഡിവോസ്റ്റോക്കിൽ വച്ച് നടന്ന സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം റഷ്യയിലെത്തിയത്.