• Thu. Nov 27th, 2025

24×7 Live News

Apdin News

മോഹൻലാലിന്റെ കിരീടവും ഭരതവും റീമാസ്റ്റർ ചെയ്ത് സൂക്ഷിക്കാനൊരുങ്ങി നാഷണൽ ഫിലിം ആർക്കൈവ്‌സ്

Byadmin

Nov 27, 2025


സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ചോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മറ്റ് രണ്ട് മോഹൻലാൽ ചിത്രങ്ങൾ കൂടി 4K ദൃശ്യമികവിലേയ്ക്ക് മാറ്റപ്പെടുന്നു. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിരീടവും, ഭരതവും ആണവ. എന്നാൽ ഒരു റീറിലീസിന് വേണ്ടിയോ മറ്റോ ചിത്രത്തിന്റെ നിർമ്മാതാക്കളല്ല ദൃശ്യ മേന്മ വർധിപ്പിക്കാൻ മുൻകൈ എടുക്കുന്നത്, മറിച്ച് ഗോവയിലെ പനാജി കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന നാഷണൽ ഫിലിം ആർക്കൈവ്‌സ് ആണ്.

കൂടാതെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ 27 ന് കിരീടം പ്രദർശിപ്പിക്കാനും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കിരീടം, ഭരതം എന്നീ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് സിബി മലയിലാണ്. 4K റീറിലീസുകളിൽ ഏറ്റവും വലിയ വിജയമായ ദേവദൂതനും ഒരുക്കിയത് സിബി മലയിൽ തന്നെയായിരുന്നു.

നിലവിൽ തന്റെ ‘സമ്മർ ഇൻ ബെദ്ലെഹേം’ എന്ന ചിത്രത്തിന്റെ 4K റീറിലീസിന്റെ ഒരുക്കങ്ങളിലാണ് സിബി മലയിൽ. ഏതായാലും ഇരു ചിത്രങ്ങളുടെയും തിയറ്റർ റീറിലീസിനെ കുറിച്ച് തല്ക്കാലം അപ്പ്ഡേറ്റുകളൊന്നും തന്നെ വന്നിട്ടില്ല. മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ നേടിയതിന് പിന്നാലെയാണ് ഈ വാർത്ത ആരാധകരിലേക്കെത്തുന്നത്.

രണ്ട് ചിത്രങ്ങളുടെയും തിരക്കഥ രചിച്ചത് ലോഹിതദാസ് ആണെന്നതും ശ്രദ്ധേയമാണ്. നിരവധി 4K റീറിലീസുകൾ തിയറ്ററുകളിലെത്തിയെങ്കിലും മോഹൻലാൽ ചിത്രങ്ങൾക്ക് മാത്രമാണ് നിലവിൽ സാമ്പത്തിക വിജയം നേടാനായിട്ടുള്ളത്. കിരീടവും, ഭരതവും തിയറ്ററിൽ തന്നെ കണ്ട ആസ്വദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

By admin