• Thu. Oct 30th, 2025

24×7 Live News

Apdin News

‘മോൻത’ കരതൊട്ടു; ആന്ധ്രയിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

Byadmin

Oct 30, 2025


ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും ആദ്യ മണിക്കൂറിൽ മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ഏറെ നിർണായകമാണ്. അതീവ ജാഗ്രത നിർദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് കടന്നുപോകുന്ന ജില്ലകളിൽ നാളെ രാവിലെ 6:30 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്നാണ് നിർദേശം.

അതേസമയം, കേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പാണുള്ളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

By admin