• Thu. Dec 4th, 2025

24×7 Live News

Apdin News

യാത്രകളില്ലാതെ ജീവിതത്തിന്റെ അർഥവും ആഴവും നാം അറിയുന്നില്ല ; ഉസ്ബക്കിസ്ഥാൻ ഒരു ഉജ്ജല അനുഭവം!

Byadmin

Dec 4, 2025


യുഎ ഇ മലയാളികൾ തങ്ങളുടെ ‘അയൽപക്കങ്ങളി’ലേയ്ക്ക് ധാരാളമായി യാത്ര ചെയ്യുന്നൊരു കാലമാണിത്.അയൽ പക്കം എന്നുപറഞ്ഞാൽ നാട്ടിലേക്കു പോകുന്നതിനേക്കാൾ എളുപ്പത്തിലും ലാഘവത്തോടെയും എത്തിച്ചേരാവുന്ന കസാഖിസ്ഥാൻ,അസർബൈജാൻ,അർമേനിയ,ജോർജിയ തുടങ്ങിയ രാജ്യങ്ങൾ.

ഈ പട്ടികയിൽ ആകർഷികമായ ഒരു രാജ്യം കൂടിയുണ്ട്- ഉസ്ബക്കിസ്ഥാൻ.

ദുബായിൽ നിന്നോ ഷാർജയിൽ നിന്നോ മൂന്നു മണിക്കൂർ ഇരുപതു മിനിറ്റുകൊണ്ട് അതിന്റെ തലസ്ഥാന നഗരിയായ താഷ്കെന്റില്‍ എത്തിച്ചേരാം. ഇ വിസയിലോ ഓൺ അറൈവൽ വിസയിലോ ഇന്ത്യക്കാർക്ക് ഇറങ്ങാനാവുന്ന ഒരു രാജ്യമാണിത്. ഈ സൗകര്യവും കുറഞ്ഞ യാത്രാ ചിലവും എന്നത് ആയിരക്കണക്കായ യൂഎ ഇ മലയാളികളെയാണ് ഇവിടേയ്ക്ക് ആകർഷിക്കുന്നത്.ഓരോ അവധിക്കാലത്തും വാരാന്ത്യങ്ങളിലും അവര്‍ കൂട്ടത്തോടെ വന്നു ചേരുന്നു.

കണ്ണിചേരാന്‍ ഇത്തവണ ദുബായ് വാർത്തയും

ഓരോ ആറുമാസം കൂടുമ്പോഴും തങ്ങളുടെ ജീവനക്കാരുമായും മത്സരാർത്ഥം തെരഞ്ഞെടുക്കപ്പെടുന്ന പ്രേക്ഷകരുമായും സ്പോൺസര്‍മാരുമായും വിദേശ രാജ്യത്തുപോകുന്ന’ദുബായ് വാർത്ത’യുടെ ഇത്തവണത്തെ സഞ്ചാരം ഉസ്ബക്കിസ്ഥാനിലേയ്ക്ക് ആയിരുന്നു.

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലായിരുന്നു നാല്പതു പേരടങ്ങുന്ന ടീമിന്റെ യാത്ര. രാവിലെ എട്ടു മുപ്പത്തിയഞ്ചിനു പുറപ്പെട്ട് പന്ത്രണ്ട് അൻപത്തിയഞ്ചിന്(ഉസ്ബക്കിസ്ഥാൻ സമയം)താഷ്‌കെന്റിൽ എത്തിച്ചേരുന്നു.എമിഗ്രേഷൻ കൗണ്ടറിൽ ഒരാൾക്ക് ചിലവഴിക്കേണ്ടി വന്നത് അഞ്ചുമിനിട്ടിൽ താഴെയായിരുന്നു എന്നു പറഞ്ഞാൽ ഗവൺമെന്റ് സംവിധാനം എത്രകാര്യക്ഷമവും വേഗതയേറിയതുമാണ് എന്ന്‌ ഊഹിക്കാം.പുറത്തേക്കിറങ്ങുമ്പോൾ ആദ്യം കാണുന്ന ഫലകത്തിൽ ഇങ്ങനെ വായിക്കാം: UZBEKISTAN AIRWAYS: The wings of central Asia.

രാജ്യത്തിന്റെ ഔദ്യോഗിക വിമാനകമ്പനിയുടെ പരസ്യവാചകമാണ് ഇതെങ്കിലും അതിലൊരു ആധികാരികത കാണാം.അക്ഷരാർഥത്തിൽ ഉസ്ബകിസ്ഥാൻ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ മധ്യസ്ഥാനത്താണ്. ചുറ്റിലുമായി ഖസാക്കിസ്ഥാൻ,അഫ്ഘാനിസ്ഥാൻ,തുറക്മെനിസ്ഥാൻ, ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു.

വിമാനത്താവളത്തിനു പുറത്ത്, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാവൽസ്‌ ഏർപ്പാടു ചെയ്ത ബസ്സും ഉസ്ബക്ക് വനിത ഗൈഡും കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ കഴിഞ്ഞ പത്തോളം യാത്രകളുടെ ചുമതല സ്തുത്യർഹമാം വിധം നയിച്ച സ്മാർട്ട് ട്രാവൽസ് ഇത്തവണ ഒരു മലയാളി ഗൈഡിനെകൂടി അയച്ചിരുന്നു. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ- സിയാദ്.

ബസ്സ് വിമാനത്താവളം വിട്ടു വാസസ്ഥലത്തേക്കുനീങ്ങുമ്പോൾ താഷ്കെന്റ് നഗര എടുപ്പുകൾ തെളിഞ്ഞുവന്നു. ആർകിടെക്ടിങ് വിരുതു വിളിച്ചോതുന്ന മനോഹരമായ കെട്ടിട സമുച്ഛയങ്ങൾ..ആകാശം നോക്കിനില്ക്കുന്ന നീല ചില്ലുപാളികൾ പതിപ്പിച്ച പിരമിഡ് ടൗവർ. സമീപം അതേ പേരിലുള്ള മാൾ. ഇരുവശത്തേക്കുമായി നീളുന്ന നാലുവരിപ്പാതകളെ ചൈനീസ് നിർമ്മിത ബി വൈ ഡി ഇലക്ട്രിക് കാറുകളും അമേരിക്കൻ നിർമ്മിത ഷെവർലെ കാറുകളും കൊറിയൻ നിർമ്മിത കിയ കാറുകളും കയ്യടക്കിയിരിക്കുന്നു. യു എ ഇ യില്‍ നിന്നു പോകുന്ന വാഹന പ്രേമികൾക്ക് ഈ കാഴ്ച്ച കൗതുകമുണ്ടാക്കുന്ന ഒന്നാണ്. എവിടെ ടോയോട്ടയും നിസ്സാനും റേഞ്ച് റോവറും? വഴിയോരങ്ങളിലാകട്ടെ വലിയ പരസ്യ ബോർഡുകൾ കാണാനേയില്ല. പകരം സ്വർണ്ണനിറമാർന്ന ഇലകൾ കൊഴിച്ചു നിൽക്കുന്ന, നീളൻ സൂചികാഗ്ര ശിഖരങ്ങളുള്ള വൃക്ഷനിബിഡത.ചെറുതും വലുതുമായ എല്ലാ വീഥികളെയും അലങ്കരിക്കുന്നത് വൃക്ഷങ്ങളാണ്. പരസ്യപ്പലകകളെ പാടേ അവഗണിക്കുന്ന പരിസ്ഥിതി സൗഹൃദ നഗരമാണ് താഷ്കെന്റ് എന്നത് ഇവിടെ ശ്രദ്ധേയം.

ഗൈഡ് സവാല ഉസ്ബക്കിസ്ഥാനിന്റെ ലഘു ചരിത്രവും സാമൂഹികാവസ്ഥയെയും ഇംഗ്ളീഷിൽ ബസ്സിലെ മൈക്രോഫോൺ കയ്യിലെടുത്തു ഇങ്ങനെ വിവരിച്ചു തുടങ്ങി:”സോവിയറ്റു യൂണിയനിൽ നിന്നു 1991 സെപ്റ്റംബർ ഒന്നിനാണ് ഉസ്ബകിസ്ഥാൻ സ്വാതന്ത്രമാകുന്നത്. അതുമുതൽക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനു രാജ്യം നടത്തിയ ശ്രമം വന്‍ വിജയത്തിൽ എത്തിയിരിക്കുന്നു. സെമി പ്രസിഡൻഷ്യൽ റിപ്പബ്ലിക് ഭരണ സംവിധാനമാണ്‌ രാജ്യത്തു വിലവിലുള്ളത്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഉസ്ബക്കിസ്ഥാനിന്റെ ജനസംഖ്യ മൂന്നരക്കോടിയിലേറെയാണ്. തൊണ്ണൂറ്റിഏഴു ശതമാനം വരുന്ന മുസ്ലീങ്ങളിൽ സുന്നി വിഭാഗത്തിനാണ് മേൽക്കൈ. ഹനഫി വിഭാഗവുമുണ്ട്.രണ്ടാം സ്ഥാനത്തു കൃസ്ത്യാനികളാണ്. അവരിൽ കൂടുതൽ റഷ്യൻ ഓർത്തഡോക്സ് വിഭാഗമാണ്.”

ഗൈഡിന്റെ വിവരണങ്ങളിലും ജാലകക്കാഴ്ചകളിലും മുഴുകിയിരുന്ന ഞങ്ങൾ ,താമസത്തിനുള്ള യൂണിക് ഹോട്ടലിൽ എത്തിയതറിഞ്ഞില്ല. പ്രധാനനിരത്തിൽനിന്ന് അല്പം മാറിയാണ് ഈ നക്ഷത്ര ഹോട്ടലിന്റെ ഇടമെന്നത് കൂടുതൽ സ്വകാര്യത തന്നു.

ഡിസ്കവറി ഓഫ് താഷ്കെന്റ്

ഹോട്ടൽ മുറിയിലെ കുറേനേരത്തെ വിശ്രമം യാത്രാക്ഷീണമകറ്റി. വൈകുന്നേരത്തോടെ ദുബായ് വാർത്ത ടീമിന്റെ ” താഷ്കെന്റ് കണ്ടെത്തൽ” ആരംഭിച്ചു. മാജിക് പാർക്ക് എന്നു നാമകരണം ചെയ്ത നഗരപ്രാന്തത്തിലെ അറിയപ്പെടുന്ന ഒരു സവിശേഷ ഇടത്തിലേക്കാണ് ഗൈഡ് ഞങ്ങളെ ആദ്യം കൂട്ടികൊണ്ടു പോയത്. ദുബായിലെ ഗ്ലോബൽ വില്ലേജിനെ ഓർമ്മിപ്പിക്കും വിധമുള്ള നിർമ്മിതികളും സജ്ജീകരണങ്ങളുമാണ് അവിടെ കണ്ടത്‌. അവയെ ആകെ പൊതിഞ്ഞുനിൽക്കുന്ന വിവിധവർണ്ണങ്ങളിലെ ദീപവിധാനങ്ങൾ മാജിക് പാർക്കിനെ അത്യാകർഷകമാക്കി.

വാരാന്ത്യം ആയതുകൊണ്ടാവാം ജനങ്ങൾ ആ രാവിൽ കൂട്ടത്തോടെ ഒഴുകിയെത്തിയിട്ടുണ്ട് .ശിശിരക്കുളിരിനെ പ്രതിരോധിക്കുന്ന കട്ടിയുള്ള കുപ്പായത്തിനുള്ളിലാണ് ഏവരും. സ്വതവേ സ്വർണ്ണ നിറമാർന്ന ഉസ്ബക്കികളുടെ മുഖങ്ങളിൽ ചുറ്റുപാടുമുള്ള ദീപ പ്രകാശത്തിന്റെ വർണ്ണരാജികൾവീണു തിളങ്ങുന്നു.

വിജ്ഞാനവും വിനോദവും കൈകോർക്കുന്ന മാജിക് പാർക്ക് വ്യത്യസ്തമായൊരനുഭവമായി. ജോക്കറിന്റെ മുഖാവരണമണിഞ്ഞും ചെറു ചില്ലുപാളികൾ കൊണ്ടുള്ള കോട്ടു ധരിച്ചും കഴുത്തിനും തൊപ്പിക്കുമിടയിൽ തല അപ്രത്യക്ഷമാക്കിയും കുട്ടികളെ രസിപ്പിച്ചു അവിടെ പ്രസരിക്കുന്ന സംഗീതത്തിനൊത്തു മെല്ലെ നടുന്നു പോകുന്ന പ്രച്ഛന്ന വേഷധാരികൾ കൗതുകം പകർന്നു. ടീമിലെ പലരും അവരോടൊത്തു ചിത്രങ്ങളെടുത്തു.സഞ്ചാരികളുടെ മൊബൈൽ ഫോൺ ക്യാമറകളുടെ മുന്നിൽ തുടർച്ചയായി നിന്നു കൊടുക്കേണ്ടിവരുന്നതിനെ അവർ എങ്ങനെയാകും കണ്ടിട്ടുണ്ടാകുക ?നിർജ്ജീവമായൊരു തമാശയെന്നോ മാറ്റൊ ആവാം.

രാവേറെ ചെല്ലുംതോറും തണുപ്പേറിവന്നു.ആളുകൾ മടങ്ങിത്തുടങ്ങി;ഒപ്പം ഞങ്ങളും. മഞ്ഞിൽ കൂനിപ്പിടിച്ചുനിൽക്കുന്ന നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്കാണ് ബസ്സ് നീങ്ങിയത്. എത്തിച്ചേർന്നത് സരോയി എന്നു നെറ്റിയിൽ വലിയ നിയോൺ ബോർഡ് വെച്ച ഇരുനില റെസ്റ്റോറന്റിനുമുമ്പിൽ. ഓരോ രാജ്യത്തു നിന്നും വരുന്നവർക്ക് എന്തുവേണമെന്നു മനസ്സിലാക്കിയവരാണ് റെസ്റോറന്റ്‌ നടത്തിപ്പുകാർ എന്ന് രുചികരമായ സൗത്തിന്ത്യൻ ഭക്ഷണം കഴിച്ചിരിക്കെ ഞങ്ങൾക്കുതോന്നാതിരുന്നില്ല.

താഷ്കെന്റിൽ നിന്ന് സിൽക്ക് റോഡ് തേടി സമർഖണ്ടിലേയ്ക്ക് ഒരു ട്രെയിൻ യാത്ര

തലസ്ഥാനം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് സമർഖണ്ട്. അതിലും വലുതാണ് അതിന്റെ ചരിത്രപരമായ പ്രസക്തി. ലോക വാണിജ്യ ഭൂപടത്തിൽ ചൈനമുതൽ യൂറോപ്പുവരെ നീണ്ടുകിടക്കുന്ന സിൽക്ക് റോഡ് കടന്നുപോകുന്ന ഏഷ്യൻ രാജ്യങ്ങളിൽ ഉസ്‌ബക്കിസ്ഥാനും ഉൾപ്പെടാൻ കാരണമായത് സമർഖണ്ടിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. സിൽക്ക്‌ റോഡിന്റെ തന്ത്രപ്രധാനമായ ഏഷ്യൻ മാർഗ്ഗങ്ങളിൽ ബാഗ്ദാദിനൊപ്പം അതു പ്രാധാന്യം നേടി.
ഈ റോഡിലൂടെയാണ് ചൈന തങ്ങളുടെ സിൽക്ക് വ്യാപാരത്തെ ലോകപ്രശസ്തമാക്കുന്നത്. ആ വഴിയേ പലരാജ്യങ്ങളുടെയും മറ്റനേകം സാധന സാമഗ്രഹികളുടെ വ്യാപാരവും പുഷ്ടിപ്പെട്ടു. അതുവരെ ഇല്ലാതിരുന്ന ഒരു വാണിജ്യ സംസ്കാരവും അതു ലോകത്തിനു കാഴ്ചവെച്ചു. കച്ചവടത്തോടൊപ്പം കലയും സംഗീതവും സാഹിത്യവും സഞ്ചരിച്ചു. അറിവുകൾ കൈമാറ്റം ചെയ്യപ്പെട്ടു. അതിന്റെയെല്ലാം അവശേഷിപ്പുകൾ സമർഖണ്ടിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും കാണാം.

ചരിത്ര പുസ്തകങ്ങളിലും ഇപ്പോൾ ഗൂഗിളിൽ മാപ്പായും കാണാവുന്ന ആ ചരിത്രഭൂമികയിലേക്കാണ് രണ്ടാം ദിവസത്തെ യാത്രയെന്നറിഞ്ഞ ഞങ്ങൾ ആകെ ത്രില്ലിലായി. താഷ്കെന്റ് റെയില്‍വേ സ്റ്റേഷനിൽ രാവിലെ എട്ടരക്കുള്ള വണ്ടി കാത്തിരിക്കുമ്പോൾ മൂന്നു മലയാളി ചെറുപ്പക്കാർ തങ്ങളുടെ വലിപ്പമുള്ള ബാഗേജുകളിൽ തലചായ്ച്ചു മയങ്ങുന്നത് കണ്ണിൽപ്പെട്ടു.അവര്‍ ഞങ്ങളെപ്പോലെ ടൂറിസ്റ്റുകളായിരിക്കാൻ ഇടയില്ലെന്നു അവരുടെ ഉറക്കച്ചടവും ചുളിഞ്ഞ വസ്ത്രങ്ങളും കണ്ടൂഹിക്കുക എളുപ്പമായി. പത്രപ്രവർത്തകർക്ക് അതൊക്കെയും ജിജ്ഞാസ പകരുമല്ലോ.
അവരുടെ അടുക്കലെത്തി സൗഹൃദം പങ്കുവെച്ചും കുശലം ചോദിച്ചും നിജസ്ഥിതിയറിഞ്ഞു: മൂന്നു ചെറുപ്പക്കാരും മലാപ്പറത്തുനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ്. താഷ്‌കെന്റിൽ നിന്ന് 350 കിലോമീറ്റർ ദൂരത്തുള്ളൊരു പട്ടണത്തിലാണ് അവര്‍ പഠനത്തിനു ചേർന്നിട്ടുള്ളത്. കോഴിക്കോടുനിന്നു ഡൽഹിയിലേക്കും അവിടുന്നു താഷ്കെന്റിലേക്കും പിന്നെ റെയിൽവേ സ്റ്റേഷനിലേയ്ക്കും യാത്രചെയ്തുവന്ന അവര്‍ പത്തുമണിയുടെ ട്രെയിൻ കാത്തിരിപ്പാണ്. വിശ്രമമില്ലാതെയുള്ള തുടർയാത്രകൾ അവരെ ക്ഷീണിതരാക്കിയിരിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യയിൽ ഇല്ലാത്ത എന്തുപ്രത്യേകതകളാണ് താഷ്‌ക്കന്റിൽ എന്നുചോദിച്ചപ്പോൾ’ പണം കുറവും ആഗ്രഹം വലുതും’ എന്നതാണ് ആ പ്രത്യേകതയെന്ന് അതിലൊരു പയ്യൻ വാടിയ ചിരിയോടെ പറഞ്ഞു. ആറു വർഷത്തെ എം ബി ബി എസ് പഠനത്തിന് ഉസ്ബക്കിസ്ഥാനിൽ 35 ലക്ഷമാണ് ഫീസ് എങ്കിൽ ഇന്ത്യയിൽ പഠിക്കാൻ അതിന്റെ നാലിരട്ടിവേണമെന്നും തങ്ങൾക്ക് അതിനു പാങ്‌ ഇല്ലെന്നും ക്ഷീണിച്ച ശബ്ദത്തിൽ അവര്‍ പറഞ്ഞു.

ഉന്നത പഠനം ആഗ്രഹിക്കുന്ന പുതുതലമുറ പണത്തിന്റെ ലഭ്യതക്കുറവിനു മുൻപിൽ അത് ഉപേക്ഷിക്കുന്നില്ലഎന്നാണ് ഈ മൂന്നു യുവാക്കൾ നമ്മോട് പറയുന്നത്.കുറഞ്ഞ ഫീസ് എവിടെയെന്നന്വേഷിച്ച് അവര്‍ അവിടേക്കു ചേക്കേറുന്നു.കുറച്ചു മുൻപുവരെ ഉക്രയിൻ ആയിരുന്നു മിഡിൽ ക്ലാസ് മലയാളിക്കുട്ടികളുടെ മെഡിക്കൽ ഡെസ്റ്റിനേഷൻ. റഷ്യ-ഉക്രയിൻ യുദ്ധം അതവസാനിപ്പിച്ചു. എന്നാൽ മനുഷ്യന്റെ അഭിലാഷങ്ങൾക്ക് അവസാനമില്ല. ഇച്ഛാശക്തിയുള്ളവർ സാഫല്യത്തിനായി മറുവഴി തേടികൊണ്ടിരിക്കും; ഈ കുട്ടികളെപ്പോലെ. അവര്‍ അങ്ങനെ ഒരു സെൻട്രൽ ഏഷ്യൻ രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നു. ഇന്ത്യയിൽ ‘നീറ്റ്‌’എഴുതി വിജയിച്ചു താഷ്‌ക്കന്റിൽ മെഡിക്കൽ പഠനത്തിനെത്തിയ മലപ്പുറം കുട്ടികൾക്ക് ബ്രൈറ്റ് ഫ്യൂച്ചർ ആശംസിച്ചു ഞങ്ങൾ പിരിഞ്ഞു.

കൃത്യം എട്ടു മുപ്പത്തിനുതന്നെ നമ്മുടെ വന്ദേഭാരതിനെ അനുസ്മരിപ്പിക്കുന്ന തിളങ്ങുന്ന ബോഡിയുള്ള ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിൽക്കുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറപ്പെടുകയും ചെയ്തു. മുൻകാല റഷ്യൻ സിനിമയിൽ കണ്ടിട്ടുള്ളപ്രൗഢ വേഷവിധാനത്തിൽ എത്തിയ ടിക്കറ്റ് എക്സാമിനർ ഞങ്ങളെ അഭിവാദ്യം ചെയ്തു; യാത്രാരേഖകൾ പരിശോധിച്ചു. പിന്നാലെ ഉന്തുവണ്ടിയിൽ കോഫിയും സ്നാക്സുമായി പാൻട്രി ജീവനക്കാരെത്തി.അവര്‍ സ്വന്തം വീട്ടിലെത്തിയവരെപ്പോലെയാണ് യാത്രികരെ പരിചരിച്ചത്.എന്നാൽ കഴിക്കുന്നതിനിടയിൽ തറയിൽ വീണുപോയ സ്നാക്സിന്റെ തരികൾ അവര്‍ എടുപ്പിച്ചു സീറ്റിനടിയിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ വേസ്റ്റുബിന്നിൽ ഇടുവിച്ചു. ടൂറിസ്റ്റുകൾക്ക് കഴിയുന്നത്ര സ്വാതന്ത്യവും സേവനവും നൽകുന്ന അധികൃതർ പക്ഷേ നേരിയ നിയമ ലംഘനം പോലും അനുവദിച്ചുതരില്ല എന്ന് ഈ സംഭവം ബോധ്യപ്പെടുത്തി. നോൺ സ്റ്റോപ്പായി കുതിച്ച ട്രെയിൽ രണ്ടേകാൽ മണിക്കൂർകൊണ്ട് ഇരുന്നൂറ്റി അൻപതുകിലോമീറ്ററിലേറെ ദൂരം താണ്ടി സമര്‍ഖണ്ടിലെത്തി; അവിടെനിന്ന് ബസ്സിൽ ചരിത്രത്തിന്റെ മടിത്തട്ടിലേക്ക്.

ഒമ്പതുമുതൽ 17 വരെയുള്ള നൂറ്റാണ്ടിന്റെ ചരിത്രം ഇപ്പോഴും കൺതുറന്നിരിക്കുന്ന ഒരു ഭൂമികയിലാണ് ഞങ്ങൾ എത്തിച്ചേർന്നത്. അതേ ..വേൾഡ് ഹെറിറ്റേജ് സൈറ്റായി യുനെസ്‌കോ അംഗീകരിച്ച ബക്കാറ എന്ന പുരാതന നഗരിയിൽ. നീല നിറംപൂണ്ട താഴികക്കുടങ്ങളും മിനാരങ്ങളും കാഴ്ചയില്‍ നിറഞ്ഞു.
അമീർ തൈമൂർ ചക്രവർത്തി സമർഖണ്ടിനെ തലസ്ഥാനമാക്കി ഉസ്‌ബക്കിസ്ഥാനിന്റെ പലപ്രവശ്യകളെയും തൻറെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന കാലഘട്ടത്തിന്റെ നീത്യസ്മാരകംപോലെ അനവധി മോസ്‌ക്കുകളും മദ്രസ്സകളും അടങ്ങുന്ന ആർകിടെക്ച്ചർ വിസ്മയങ്ങൾ തലയുയർത്തി നിൽക്കുന്നു. താജ്മഹലിനും എത്രയോ നൂറ്റാണ്ടുമുൻപാണ് ഇവയൊക്കെയും നിർമ്മിച്ചത് എന്നറിയുമ്പോൾ വിസ്മയം പിന്നെയുമേറും. ടൂറിസ്റ്റുകളായി എത്തിയവർക്ക് അതിന്റെ പശ്ചാത്തലത്തിൽ നിന്ന് എത്ര ഫോട്ടകൾ എടുത്തിട്ടും മതിയാകുന്നില്ല. രണ്ടുദിവസം ചുറ്റിക്കണ്ടാലും തീരാത്തത്ര ഉജ്ജ്വലനിർമ്മിതികളാണ് ഈ ഭൂവിഭാഗമെങ്ങും. ‘ക്രോസ്സ് റോഡ് ഓഫ് കൾച്ചർ ‘ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നായ ബുഖാറയെ മനസ്സില്ലാ മനസ്സോടെയാണ് ഞങ്ങൾ വിട്ടുപോന്നത്.

ഉസ്‌ബക്കിസ്ഥാനിലെ സാമൂഹിക ജീവിതം; അധ്വാന ഭരിതം .

ഒരു രാജ്യത്തിൻറെ അഭിവൃദ്ധി അതിന്റെ ജി ഡി പി യില്‍ അധിഷ്ഠിതമാണെന്ന് നമുക്കറിയാം. ജനസംഖ്യയും തൊഴിൽ ലഭ്യതയും മറ്റുമാണ് ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വലിയൊരു രാജ്യമായ ഉസ്ബക്കിസ്ഥാനിന്റെ ജനസംഖ്യ കേരളത്തിനു തുല്യമാണ്- മൂന്നരക്കോടി. അതായത് ഇന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനത്തുള്ളത്ര ജനങ്ങളെ ഉസ്‌ബക്കിസ്ഥാൻ എന്ന രാജ്യത്തിലുള്ളു. കൂടുതലും യുവാക്കൾ. ഏതു നിലയ്ക്കാണ് ഈ ജനതയുടെ മുന്നേറ്റം അല്ലെങ്കിൽ തെഴിൽ ലഭ്യത എന്നറിയാൻ ഇവിടെ ആറു വർഷത്തിലേറെയായി താമസിക്കുന്ന മലയാളിയും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയും നാലു ദിവസത്തെ അത്താഴം ഞങ്ങൾക്കൊരുക്കിയ സരോയി റെസ്റ്റോറന്റിന്റെ പാർട്ണറുമായ സമീനുമായി സംസാരിക്കുകയുണ്ടായി.

” ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. പ്രസിഡൻഷ്യൽ ഭരണമാണ്. രാജ്യത്തിന്റെ നിലനിൽപിനും പുരോഗതിക്കും ജനങ്ങളെ സജ്ജമാക്കുന്ന ഒരു സംവിധാനമാണ്‌ സർക്കാർ ഒരുക്കിയിട്ടുള്ളത്. എല്ലാവരും തൊഴിലെടുത്തു സ്വയം ഭാവികണ്ടെത്തണം. തൊഴിൽ സാധ്യത രാജ്യമെങ്ങും ഉണ്ടുതാനും. സ്ത്രീ പുരുഷ ഭേദമില്ലാതെ അറുപതും എഴുപതും വയസ്സുവരെ ഇവിടെ ആളുകൾ ജോലിചെയ്യുന്നുണ്ട്.

പക്ഷേ ഒരു യൂറോപ്യൻ രാജ്യത്തെ അപേക്ഷിച്ചു വേതനം കുറച്ചു കുറവാണ്. എന്നാൽ ദിവസം ഒന്നലധികം ജോലികൾ ചെയ്തു കൂടുതൽ സമ്പാദിക്കാവുന്ന അനുകൂല സാഹചര്യം ഇവിടുത്തെ പ്രത്യേകതയാണ്. ഞാൻ ഇപ്പോഴുള്ള മെഡിക്കൽ ഫീൽഡിൽ പോലും അതുകാണാം. ഒരു സർക്കാർ ഡോക്ടറിന് മറ്റു ചില രാജ്യങ്ങളിൽ കിട്ടുന്നത്രപ്രതിഫലം ഇവിടെ കിട്ടിക്കൊള്ളണമെന്നില്ല.എന്നാൽ ഫാർമസി തുറന്നും പ്രൈവറ്റ് പ്രാക്ടീസ് നടത്തിയും ഒരു ഡോക്ടറിന് തനിക്കാവശ്യമുള്ളത്ര പണം കണ്ടെത്താം. അതിനു നിയമം തടസമല്ല.സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങൾ നോക്കിയിരിക്കാതെ തൊഴിൽ രംഗത്തു വളർച്ചയുണ്ടാക്കാൻ ഈ നിയമം വളരെ നല്ലതാണ്. കൂടുതൽ അധ്വാനം കൂടുതൽ പണം- ഇങ്ങനൊരു മനോഭാവം ജനങ്ങൾക്കിടയിൽ വളർത്തിയെടുത്തിട്ടുണ്ട്. ഇവിടുത്തെ പ്രശസ്തമായ യൂവിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ് ”

സമീൻ ഈ പറഞ്ഞതൊക്കെയും ശരിയാണെന്നു പിന്നീടുള്ള യാത്രകളില്‍ എവിടെയും കണ്ടു.റെസ്റ്റോറന്റിൽ, വില്പനശാലകളിൽ, വഴിയോര കച്ചവടസ്ഥലങ്ങളിൽ, ടൂറിസ്റ്റുകേന്ദ്രങ്ങളിൽ..അങ്ങനെയെവിടെയും . പത്തൊൻപതും ഇരുപതും ഇരുപത്തിയൊന്നു വയസ്സു പ്രായം തോന്നിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉത്സാഹത്തോടെ പണിയെടുക്കുന്നു. മാതാപിതാക്കളെ ആശ്രയിക്കാതെ തങ്ങൾക്കു വേണ്ടതു സ്വയം കണ്ടെത്തുന്നതിന്റെ അഭിമാനം അവരുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാം.

 താഷ്കെന്റ് ഹോട്ടൽ മുതല്‍ താഷ്കെന്റ് സിറ്റി മാൾ വരെ; അഥവാ പൗരാണികതയ്ക്കും ആധുനികതയ്ക്കും ഇടയിൽ ഒരു നഗര പ്രദിക്ഷണം.നാലാം ദിവസം സിറ്റി ടൂറിന്റേതായിരുന്നു. നഗര ആസൂത്രണം മികച്ചതായി എവിടെയും കണ്ടു. സോവിയറ്റുകാലത്തെ കെട്ടിടങ്ങളും വീടുകളും അങ്ങനെതന്നെ നിലനിർത്തികൊണ്ട് ഒരു പുതുലോകം കെട്ടിപ്പടുത്തിരിക്കുന്നു. 50 വർഷം മുൻപ് ഉസ്ബക്കിസ്ഥാനെ സംബന്ധിച്ച് ഏറ്റവും പ്രൗഢമെന്ന ഖ്യാതിയോടെ പണിതുയർത്തിയ 250 മുറികളുള്ള താഷ്കെന്റ് ഹോട്ടലിനും ആധുനിക ജീവിതത്തോട് കണ്ണിചേർന്ന് ഈ വർഷം(2025) നിലവിൽ വന്ന താഷ്കെന്റ്സിറ്റി മാളിനും ഇടയിൽ ഉസ്ബക്കിസ്ഥാനിന്റെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങൾ സ്പന്ദിക്കുന്നു.

തദ്ദേശവാസികളെയും ടൂറിസ്റ്റുകളെയും കൊണ്ട് സദാ സജ്ജീവമാണ് മാൾ. ലോകത്തെ പ്രശസ്തമായ ഒട്ടുമിക്ക ബ്രാൻഡുകളും അവിടെ സ്റ്റോറുകൾ തുറന്നിട്ടുണ്ട്. എല്ലാം കൊണ്ടും ദുബായ് മാളിന്റെ ഒരു ചെറു പതിപ്പ്. തണുപ്പിനെ പ്രതിരോധിക്കുന്ന കട്ടിയുള്ള നീളൻ കുപ്പായത്തിലാണ് ജനങ്ങൾ. ഒപ്പം ധാരാളം കുട്ടികളും. പാശ്ചാത്യരീതിയിൽ നിന്നകന്നു കുടുംബജീവിത്തിൽ തല്പരരായവരാണ് ആ ജനതയെന്നു മൂന്നും നാലും കുട്ടികളുമായാണ് ഓരോ കുടുംബത്തെയും കണ്ടത് എന്നതിൽ നിന്ന് അനുമാനിച്ചു. അവരുടെ ഉസ്ബക്കും റഷ്യനും തജിക്കും ഭാഷകൾ കലർന്ന സംസാരം ഒരു സിംഫണിയായി മാളിനുള്ളിൽ ഒഴുകുന്നുണ്ട്.

താഷ്ഖണ്ടിലേയ്ക്ക് ധാരാളം റഷ്യക്കാർ വന്നു താമസമാക്കുന്നുണ്ടെന്നും റിയൽ സ്റ്റേറ്റു ബിസിനസ്സിൽ അതു വലിയ ബൂം ആണ് ഉണ്ടാക്കുന്നതെന്നും സരോയി റെസ്റ്റോറന്റിന്റെ പാർട്ണറും മലയാളിയുമായ സമീൻ പറഞ്ഞത് അതു കേട്ടു നിൽക്കെ ഓർമ്മ വന്നു. ഇരുമ്പുമറയ്ക്കുള്ളിലെ ജനാധിപത്യവും മത- വംശീയതയെ ഒളിച്ചുകടത്തുന്ന ജനാധിപത്യവും കൊണ്ടുനടക്കുന്ന രാജ്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യവും സ്വാസ്ഥ്യവും തേടുന്ന ജനങ്ങൾ ഓടിപ്പോകുന്നു എന്നു വിവക്ഷ.
ദുബായ് പോലെ ഇത്തരക്കാർക്ക് സെൻട്രൽ ഏഷ്യൻ രാജ്യങ്ങളും പുതിയ സമാധാനജീവിതത്തിന്റെ കേദാരങ്ങളാകുന്നു എന്നും സാരം.

യാത്ര ഇങ്ങനെ എന്തെല്ലാം പൊളിച്ചെഴുത്തുകളും അറിവുകളുമാണ് സമ്മാനിക്കുന്നതെന്ന അത്ഭുതയോടെയാണ് ഞങ്ങൾ മടങ്ങിയത്. പുതിയ ജനപഥങ്ങളെയും വിസ്മയങ്ങളും തേടി ‘ ദുബായ് വാർത്ത ടീം’ അടുത്ത യാത്രക്കുള്ള പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് താഷ്കെന്റില്‍ നിന്ന് തിരികെ പറന്നത് എന്നു ചാരിതാർഥ്യത്തോടെ കുറിക്കട്ടെ.

എൻ.എം. നവാസ്
(ദുബായ്‌ വാർത്ത)

By admin