Posted By: Nri Malayalee
January 14, 2025
സ്വന്തം ലേഖകൻ: യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തിയതിനു പിന്നാലെ അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വർധിപ്പിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു (കോംപ്രിഹെൻസീവ്) പകരം തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് അനുവദിക്കുന്നത്. കോംപ്രിഹെൻസീവ് ഇൻഷുറൻസ് എടുത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് ക്ലെയിമിന് അപേക്ഷിക്കുമ്പോൾ മാത്രമാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ യുഎഇയിലുണ്ടായ പ്രളയത്തിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കേടായിരുന്നു. പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്ന് രേഖാമൂലം ഉറപ്പുനൽകിയിട്ടും നൂറുകണക്കിന് ക്ലെയിം അപേക്ഷ നിരസിച്ച കമ്പനികൾ പ്രളയത്തിന്റെ പേരു പറഞ്ഞ് മോട്ടർ ഇൻഷുറൻസ് പ്രീമിയം 3 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് അപകടത്തിൽ പെടുന്ന വാഹനങ്ങൾക്ക് അമിത പ്രീമിയം ഈടാക്കുന്നതും തേഡ് പാർട്ടി ഇൻഷുറൻസിലേക്കു മാറ്റുന്നതും.
വാഹനത്തിന് അപകടത്തിൽ നിസ്സാര കേടുപാടാണെങ്കിലും ‘ടോട്ടൽ ലോസ്’ ആണെന്നു തെറ്റിദ്ധരിപ്പിച്ച് നിസ്സാരതുക ഉടമയ്ക്കു നൽകി വാഹനം ഏറ്റെടുക്കാനാണ് ഇൻഷുറൻസ് കമ്പനികളും ബന്ധപ്പെട്ട ഗാരിജും ശ്രമിക്കുന്നത്. ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ ഇൻഷുറൻസ് പരിരക്ഷാ തുകയുടെ പകുതി മാത്രമേ നൽകൂവെന്നാണ് കമ്പനികളും ഇടനിലക്കാരും പറയുന്നത്. അപകടത്തിനു കാരണക്കാരനാണെങ്കിൽ ഈ തുകയിൽനിന്ന് 250–300 ദിർഹം കുറയ്ക്കുകയും ചെയ്യും.
ടോട്ടൽ ലോസ് ആക്കുന്നത് വാഹന ഉടമയ്ക്ക് വലിയ നഷ്ടമുണ്ടാക്കും. ഇങ്ങനെ സ്വന്തമാക്കുന്ന വാഹനം അറ്റകുറ്റപ്പണി ചെയ്ത് മറിച്ചു വിൽക്കുകയാണ് പതിവ്. അതിനു പറ്റാത്ത വാഹനങ്ങളുടെ അസ്സൽ പാർട്സുകൾ അഴിച്ചെടുത്ത് വിറ്റ് ഇതിനെക്കാൾ കൂടുതൽ തുക സ്വന്തമാക്കും. യഥാർഥത്തിൽ വാഹന ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്നതിന്റെ രണ്ടും മൂന്നും നാലും ഇരട്ടി തുക ഇങ്ങനെ സമാഹരിക്കുന്നവരുണ്ടെന്ന് പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.