• Sun. Feb 23rd, 2025

24×7 Live News

Apdin News

യുഎഇയിൽ ബിസിനസ് സംരംഭകർക്ക് 180 ദിവസം താമസിക്കാവുന്ന ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 20, 2025


Posted By: Nri Malayalee
February 20, 2025

സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, സംരംഭകര്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ് ഫിനാന്‍ഷ്യര്‍മാര്‍ എന്നിവരെ രാജ്യത്തേക്ക് മാടിവിളിച്ച് യുഎഇ. രാജ്യത്ത് വന്ന് ബിസിനസ് ആരംഭിക്കാനും ബിസിനസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അവസരമൊരുക്കിക്കൊണ്ട് പുതിയ വീസിറ്റ് വീസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി).

ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ എന്നാണ് പരമാവധി 180 ദിവസം വരെ ബിസിനസ് ആവശ്യാര്‍ഥം രാജ്യത്ത് താമസിക്കാവുന്ന വീസിറ്റ് വീസയ്ക്ക് അധികൃതര്‍ പേര് നല്‍കിയിരിക്കുന്നത്. യുഎഇയുടെ ബിസിനസ് അവസര വീസ പ്രയോജനപ്പെടുത്താന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കുകയാണ് ഐസിപി.

ബിസിനസ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഈ സന്ദര്‍ശന വീസയില്‍ ഒറ്റ സന്ദര്‍ശനത്തിനോ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്കോ വേണ്ടി രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നു. ആകെ താമസം 180 ദിവസത്തില്‍ കൂടരുതെന്ന നിബന്ധനയുണ്ട്. അതോടൊപ്പം അംഗീകൃത ആവശ്യകതകളെയും യോഗ്യതയുള്ള തൊഴിലുകളെയും അടിസ്ഥാനമാക്കിയാണ് ഈ വീസ അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ബിസിനസ് ഓപ്പര്‍ച്യുനിറ്റീസ് വീസ സേവനത്തിന് അപേക്ഷിക്കുന്നവര്‍ നാല് നിബന്ധനകള്‍ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ഒന്നാമത്തെ യോഗ്യത, അപേക്ഷകന്‍ യുഎഇയില്‍ അവര്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ യോഗ്യതയുള്ള ഒരു പ്രൊഫഷണലായിരിക്കണം എന്നതാണ്. കൂടാതെ, അവര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം, യുഎഇയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം, തുടര്‍ന്നുള്ള യാത്രയ്ക്കോ രാജ്യത്ത് നിന്ന് മടങ്ങുന്നതിനോ ഉള്ള സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന നൂതനമായ തന്ത്രപരമായ പദ്ധതികള്‍ ആരംഭിക്കാനും രാജ്യത്ത് മികച്ച ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകര്‍ഷിക്കുന്നതിനായി യുഎഇ സമഗ്രമായ ഒരു സേവന ആവാസവ്യവസ്ഥ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പുതിയ ബിസിനസ് സന്ദര്‍ശക വീസയെ കുറിച്ച് സംസാരിക്കവെ അറിയിച്ചു.

യുഎഇയിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, എളുപ്പമുള്ള നിയമ ചട്ടക്കൂടുകള്‍, ബിസിനസ് വിജയവും വികാസവും പ്രാപ്തമാക്കുന്ന മത്സരാധിഷ്ഠിത ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

By admin