Posted By: Nri Malayalee
December 28, 2024
സ്വന്തം ലേഖകൻ: ജനുവരിയോടെ യുഎഇ താമസക്കാർക്ക് തായ് ലന്‍റിലെ ഇ വീസ സൗകര്യം ലഭ്യമാകും. ജനുവരി 1 മുതല്‍ ആഗോളതലത്തിൽ ഇലക്ട്രോണിക് വീസ സൗകര്യം ഒരുക്കുമെന്ന് തായ്‌ലൻഡിൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുളള സന്ദർശകർക്ക് വീസ നടപടിക്രമങ്ങള്‍ പൂർണമായും ഓണ്‍ലൈനിലൂടെ പൂർത്തിയാക്കാന്‍ ഇ വീസ സൗകര്യമൊരുക്കും.
തായ്‌ലന്‍റിലേക്കുളള ഇ വീസ സൗകര്യം നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ലഭ്യമാണെങ്കിലും ജനുവരിയോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ വീസ ലഭ്യമാക്കാനൊരുങ്ങുകയാണ് തായ് ലന്‍റ്. 2025 ജനുവരി 1 മുതല്‍ www.thaievisa.go.th. എന്ന വെബ്സൈറ്റിലൂടെ തായ് വീസയ്ക്ക് അപേക്ഷ നല്‍കാം. യുഎഇയിലുളളവർക്ക് അബുദബിയിലെ റോയല്‍ തായ് എംബസി, ദുബായിലെ റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍ എന്നിവിടങ്ങളില്‍ പോകാതെ തന്നെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനാകും.
ആവശ്യമുളള രേഖകള്‍
പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. പാസ് പോർട്ടിന്‍റെ ബയോഡേറ്റ പേജിന്‍റെ കോപി.
ആറുമാസത്തിനിടയിലെടുത്ത ഫോട്ടോ
താമസസ്ഥലത്തിന്‍റെ രേഖ
ടിക്കറ്റ് ബുക്ക് ചെയ്ത രേഖകള്‍
തായ് ലന്‍റിലെ ഹോട്ടല്‍ ബുക്കിങ് രേഖകള്‍ അല്ലെങ്കില്‍ മറ്റ് താമസ സൗകര്യം.
കൂടാതെ യുഎഇ താമസ വീസ രേഖ, ബാങ്ക് സ്റ്റേറ്റ് മെന്‍റ്, സാലറി സർട്ടിഫിക്കറ്റ്, സ്പോണ്‍സറില്‍ നിന്നുളള എന്‍ ഒ സി.
അബുദബിയിലെ റോയല്‍ തായ് എംബസി നല്‍കുന്ന വിവരമനുസരിച്ച് 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി ഇ വീസയ്ക്ക് 400 ദിർഹമാണ് നിരക്ക്.