• Wed. Sep 23rd, 2026

24×7 Live News

Apdin News

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

Byadmin

Sep 23, 2026


ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളാണ് പിന്തുണയുമായെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയാണ് വി4 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പിന്തുണ അറിയിച്ചത്. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് പിന്തുണ.

ഇന്തോ-പസഫിക് മേഖലയിലെ വളര്‍ന്നുവരുന്ന വന്‍ശക്തിയായ ഇന്ത്യ, യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായി വരണമെന്ന കാര്യത്തില്‍ നാല് വി4 രാജ്യങ്ങളും പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സ്ലൊവാക് വിദേശകാര്യമന്ത്രി യുറായ് ബ്ലാനാര്‍ വ്യക്തമാക്കി. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ നിലപാട് ഏറെ നിര്‍ണായകമാണ്. ഇന്ത്യയും വി4 രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുണ്ട്. ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും യോഗത്തില്‍ ചര്‍ച്ചയായി.

വി4-ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ചയെ ‘ചരിത്ര നിമിഷം’ എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. സാങ്കേതികവിദ്യ, പ്രതിരോധം എന്നിവയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുമെന്ന് ജയശങ്കര്‍ വ്യക്തമാക്കി. വി4 രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ ചരിത്രബന്ധമുണ്ടെന്നും അത് പുതുക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

By admin