Posted By: Nri Malayalee
February 8, 2025
സ്വന്തം ലേഖകൻ: ”ദുബായിലെ ട്രാവല്‍ ഏജന്റുമാരാണ് തങ്ങളെ കബളിപ്പിച്ചത്. ദുരിതംനിറഞ്ഞ ഡങ്കി റൂട്ടുകള്‍ വഴിയായിരുന്നു യാത്ര.” -അമേരിക്കയില്‍നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരില്‍ ഒരാളായ പഞ്ചാബില്‍നിന്നുള്ള മന്‍ദീപ് സിങ് പറഞ്ഞു.
പഞ്ചാബ് വാക്കായ ഡങ്കി എന്നാല്‍, അനധികൃതമായി കുടിയേറുന്ന രീതിയാണ്. തിരിച്ചെത്തിയവരില്‍ പലരും ഏജന്റുമാര്‍ക്ക് നല്‍കിയത് വന്‍തുകയാണ്. യു.കെ., ഡല്‍ഹി എന്നിവിടങ്ങളിലുള്ള പ്രാദേശിക സബ് ഏജന്റുമാരാണ് ദുബായിലുള്ള ഏജന്‍സിക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യയില്‍നിന്നുള്ള സബ് ഏജന്റുമാരാണ് ഇവിടെയുള്ളവരെ കബളിപ്പിച്ചത്.
പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലുള്ള മന്‍ദീപ് രണ്ടരവര്‍ഷം മുന്‍പാണ് സ്പെയിനിലേക്കുപോയത്. അവിടെ ജീവിതം നല്ലരീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് യു.എസിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. ഇതിനായി മുന്‍പ് സമീപിച്ച ഏജന്റിന് ഒരു കോടി നല്‍കി.
തുടര്‍ന്ന് ദുബായ്, സെര്‍ബിയ വഴി മെക്സിക്കോയിലെ ടിജുവാനയിലെത്തി. കാട്ടിലൂടെ 100 കിലോമീറ്ററിലധികം നടന്നശേഷം മന്‍ദീപിന് യു.എസിലേക്ക് കടക്കാന്‍കഴിഞ്ഞെങ്കിലും അതിര്‍ത്തി പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തു. സമാന അനുഭവമാണ് തട്ടിപ്പിനിരയായ മറ്റുള്ളവര്‍ക്കും പറയാനുള്ളത്.
ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍പ്പെട്ട് പലരും ഭൂമിവിറ്റും വായ്പയെടുത്തുമാണ് മെക്സിക്കോ വഴി അമേരിക്കയിലേക്ക് അനധികൃതമായി കടന്നത്. വിദേശരാജ്യങ്ങളില്‍ നല്ല ജോലിയുണ്ടായിരുന്ന പലരുമാണ് അമേരിക്കയിലേക്ക് അനധികൃതമായി കടന്നപ്പോള്‍ കുടുങ്ങിയത്.
40 ലക്ഷംമുതല്‍ ഒരു കോടിവരെയാണ് ഏജന്‍സികള്‍ക്ക് കൈമാറിയത്. ജനുവരിയിലാണ് മിക്കവരും യു.എസ്. പട്രോളിങ് സംഘത്തിന്റെ പിടിയിലാകുന്നത്. വിദേശരാജ്യങ്ങളില്‍ നല്ല ജോലിയുണ്ടായിരുന്ന പലരുമാണ് അമേരിക്കയിലേക്ക് അനധികൃതമായി കടന്നപ്പോള്‍ കുടുങ്ങിയത്.