
ന്യൂയോര്‍ക്ക്: ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ചു 48 മണിക്കൂറിനുള്ളിൽ വിശദീകരിക്കണമെന്നു കാര്യക്ഷമതാ വകുപ്പ് (ഡോജ്) മേധാവി ഇലോൺ മസ്ക് അന്ത്യശാസനം നൽകിയതോടെ യുഎസിലെ ഫെഡറൽ ജീവനക്കാർ കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിൽ. റിപ്പോർട്ട് നൽകുകയോ പിരിഞ്ഞുപോകാൻ തയാറാകുകയോ ചെയ്യണമെന്നാണു മസ്കിന്‍റെ അന്ത്യശാസനം. തിങ്കളാഴ്ച രാത്രി 11. 59 വരെയാണു മറുപടി നൽകാനുള്ള സമയപരിധി. ഫെഡറല്‍ സര്‍ക്കാരിന്‍റെ അംഗ സംഖ്യ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമാണു നീക്കം.
സമൂഹമാധ്യമത്തിലൂടെയാണു മസ്ക് ആദ്യം നിർദേശം നൽകിയത്. പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണു നിർദേശമെന്നും മറുപടി നല്‍കാത്തവർ രാജിവച്ചതായി കണക്കാക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
തൊട്ടുപിന്നാലെ ജഡ്ജിമാർ, കോടതി ജീവനക്കാര്‍, ജയില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സമാന നിർദേശം ഇമെയ്‌ലിൽ ലഭിച്ചു. അഞ്ചു പോയിന്‍റായി മറുപടി നൽകാനാണ് ഇ മെയ്‌ൽ സന്ദേശത്തിൽ പറയുന്നത്. വിശദീകരണത്തിന്‍റെ പകർപ്പ് മാനെജർക്കും നൽകണം. മറുപടി നൽകിയില്ലെങ്കിൽ രാജിയായി കണക്കാക്കുമെന്ന് ഈ സന്ദേശത്തിൽ പറഞ്ഞിട്ടില്ല.
മസ്കിന്‍റെ നീക്കം യുഎസ് ഫെഡറൽ ഏജൻസി ജീവനക്കാരിൽ പരക്കെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്നാണു മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്.
അതേസമയം, മസ്കിനെതിരേ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തി. ഉത്തരവിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു യൂണിയനുകൾ. ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണു പുതിയ ഉത്തരവെന്ന് എഎഫ്‌ജിഇ പ്രസിഡന്‍റ് ഇവരെത് കെല്ലി പറഞ്ഞു. നിയമവിരുദ്ധമായി തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നത് തങ്ങള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.