Posted By: Nri Malayalee
December 29, 2024
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഈ വർഷം അമേരിക്ക അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം വീസ. സന്ദർശക വീസകളും കുടിയേറ്റേതര വീസകൾ ഉൾപ്പെടെയാണിത്. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഇന്ത്യക്കാർ പ്രധാനമായും യുഎസിലേക്ക് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. 2024ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്തു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 26% വർധനവാണ്.
ഈ വർഷം ആരംഭിച്ച ഒരു വിജയകരമായ പൈലറ്റ് പ്രോഗ്രാം ഇന്ത്യയിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് യുഎസിൽ നിന്ന് പുറത്തുപോകാതെ തന്നെ വീസ പുതുക്കാൻ അവസരം നൽകി. യുഎസ് മിഷൻ ഇന്ത്യയിലേക്ക് പതിനായിരക്കണക്കിന് ഇമിഗ്രന്‍റ് വീസകളും അനുവദിച്ചു.
യുഎസ് സ്റ്റുഡന്‍റ് വീസയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തി. എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് പ്രോഗ്രാം പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷത്തേക്ക് യുഎസിൽ തുടരാം, അവരുടെ കരിയറും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകാൻ ഇത് കൂടുതൽ അവസരം വാഗ്ദാനം ചെയ്യുന്നു.