Posted By: Nri Malayalee
February 11, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-11-182755-640x359.png?resize=640%2C359)
സ്വന്തം ലേഖകൻ: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ യു.കെ.യിലും സമാനരീതിയിലുള്ള നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായാണ് യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിവിധ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി യു.കെ. ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിനിരയാക്കുകയും ചെയ്തു. ഇതുവരെ നടപടിയൊന്നുമില്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇങ്ങനെ രാജ്യത്ത് വരാനും അനധികൃതമായി ജോലിചെയ്യാനും കഴിഞ്ഞെന്നും ഹോം സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞമാസം വിവിധ റസ്റ്ററന്റുകളിലും കഫെകളിലും ഉള്‍പ്പെടെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലും റെയ്ഡ് നടന്നു. ഇവിടെനിന്ന് മാത്രം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് നാടുകടത്തുന്ന വീഡിയോയും കഴിഞ്ഞദിവസം യു.കെ. ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിരുന്നു. വിദേശ കുറ്റവാളികള്‍, അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികള്‍, അഭയാര്‍ഥികള്‍ എന്നിവരടക്കം 19,000 പേരെ ഇത്തരത്തില്‍ നാടുകടത്തിയെന്നായിരുന്നു ആഭ്യന്തരവകുപ്പ് വെളിപ്പെടുത്തിയത്. കുടിയേറ്റനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇത് ശക്തമായ സൂചനയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.