• Tue. Nov 19th, 2024

24×7 Live News

Apdin News

യുകെയില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പിആര്‍; ഇടപെടലുമായി എംപി സോജന്‍ ജോസഫ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 18, 2024


Posted By: Nri Malayalee
November 18, 2024

സ്വന്തം ലേഖകൻ: യുകെയില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് റെസിഡന്‍സി എന്ന ആവശ്യം ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ എത്തുന്നു. മുന്‍പ് കണ്‍സര്‍വേറ്റീവ് ഭരണകാലത്തും ഈ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നയമാറ്റം നടക്കാതെ പോകുക ആയിരുന്നു. ഒരു ലക്ഷം പേരിട്ട പരാതിയാണ് സാധാരണയായി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നത് എങ്കിലും ഇപ്പോള്‍ 52692 പേര് ഒപ്പിട്ട പരാതിയാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നതെന്നു ആഷ്ഫോര്‍ഡ് എംപിയും മലയാളിയുമായ സോജന്‍ ജോസഫ് അറിയിച്ചു.

വിഷയത്തില്‍ ഉള്‍പ്പെട്ടവരുടെ ആധിക്യവും പ്രയാസവും അവര്‍ നാടിനു നല്‍കുന്ന സേവനവും ലേബര്‍ പാര്‍ട്ടി തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണ് ഇന്നത്തെ പാര്‍ലമെന്റ് ചര്‍ച്ചയെന്നും സോജന്‍ വ്യക്തമാക്കി . ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ താനും പങ്കെടുക്കുമെന്നും നയമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കും വിധത്തില്‍ സമ്മര്‍ദം ചെലുത്താനാകുമോ എന്ന് സഹപ്രവര്‍ത്തകരായ എംപിമാര്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ച സാധ്യമായേക്കും എന്നാണ് ഇതേക്കുറിച്ചു സോജന്‍ സൂചിപ്പിച്ചത്.

പെന്‍ഷന്‍ കമ്മിറ്റി മെമ്പര്‍ ആയ ടോണി വോഗന്‍ എംപിയാണ് വിഷയാവതരണം നടത്തുന്നത്. ഇദ്ദേഹം പല വിഷയങ്ങളിലും സോജന്‍ ജോസഫ് അടക്കമുള്ള എംപിമാര്‍ക്കൊപ്പം അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. ഇക്കാരണത്താല്‍ യുകെയില്‍ എത്തിയ കുടിയേറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ അടുത്തറിയുന്ന പാര്‍ലിമെന്റ് അംഗം എന്ന പ്രത്യേകതയുമുണ്ട് ടോണിക്ക്.

ചര്‍ച്ചയ്ക്ക് ശേഷം കുടിയേറ്റ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പരിഗണനക്ക് അയക്കുക എന്നതാണ് തുടര്‍ നടപടി. കുടിയേറ്റ ആരോഗ്യ പ്രവര്‍ത്തകരുടെ പി ആര്‍ കാലാവധി കുറയ്ക്കണമെന്ന് മുന്‍പും വിവിധ സര്‍ക്കാര്‍ തല ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ള വികാരമാണ്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനിക്കേണ്ട വിഷയം ആയതിനാല്‍ ചര്‍ച്ചകളില്‍ ഒതുങ്ങി പോകുകയായിരുന്നു ഈ വിഷയം.

കോവിഡിന് ശേഷം പതിനായിരക്കണക്കിന് മലയാളികള്‍ യുകെയില്‍ എത്തിയിട്ടുള്ളതിനാല്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും താല്പര്യവും ആവശ്യവും ഉള്ള കാര്യമാണ് പാര്‍ലമെന്റില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല അടുത്തകാലത്തായി കാനഡയും ന്യുസിലന്‍ഡും അയര്‍ലണ്ടും ഒക്കെ ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കുകയും രണ്ടു വര്‍ഷ കാലാവധി എന്ന നിലയിലേക്ക് നിയമത്തെ മാറ്റുകയും ചെയ്തത് ആ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതലായി പ്രേരിപ്പിക്കുകയാണ്.

യുകെയില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി ആര്‍ എടുക്കുന്നതിനു വന്‍തുക ചിലവാകുന്നു എന്ന് ചൂണ്ടിക്കാട്ടി മലയാളികളുടെ തന്നെ നേതൃതത്തില്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ പരാതി സംഘടിപ്പിച്ചതാണെങ്കിലും അക്കര്യത്തില്‍ അന്നത്തെ സര്‍ക്കാരിന്റെ മനസ് മാറ്റാന്‍ പരാതിക്കായില്ല.

By admin