• Sun. Oct 6th, 2024

24×7 Live News

Apdin News

യുകെയിൽ കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള പദ്ധതി അനാവശ്യ സമ്മർദം ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 6, 2024


Posted By: Nri Malayalee
October 6, 2024

സ്വന്തം ലേഖകൻ: കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് മുടക്കാതിരിക്കാനായി ഏര്‍പ്പെടുത്തിയ പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രതികൂല ഫലം ഉണ്ടാക്കുമെന്ന് മുന്‍ അദ്ധ്യാപകന്‍ കൂടിയായ ഒരു പിതാവ്. ഇപ്പോള്‍ ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന നാഥന്‍ ബേണ്‍സ് പറയുന്നത്, സ്‌കൂളില്‍ ഒരു ദിവസം പോലും മുടങ്ങാതെ എത്തുന്ന കുട്ടികള്‍ക്ക് പെര്‍ഫക്റ്റ് അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മറ്റ് കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നാണ്. മാത്രമല്ല, കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാതിരിക്കുന്ന പ്രവണത തടയുവാനുള്ള ശരിയായ മാര്‍ഗ്ഗം ഇതല്ലെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥത്തില്‍ അസുഖമാണെങ്കില്‍ കൂടി, ഒരു ദിവസം പോലും സ്‌കൂളില്‍ പോകുന്നത് മുടക്കാനാകില്ല എന്ന് തന്റെ ആറ് വയസ്സുകാരനായ മകന്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കിയിട്ട സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഈ 27 കാരന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന അടങ്ങാത്ത ആഗ്രഹമാണത്രെ, അസുഖമാണെങ്കിലും സ്‌കൂളില്‍ പോകണമെന്ന് ആ കുരുന്ന് നിര്‍ബന്ധം പിടിക്കാനുള്ള കാരണം.

പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക് എല്ലാ ദിവസവും സ്‌കൂളില്‍ ഹാജരാകുന്നതിന് പ്രത്യേക റിവാര്‍ഡ് നല്‍കുന്നത് ബുദ്ധിശൂന്യതയാണെന്ന് നാഥന്‍ പറയുന്നു. എന്തെന്നാല്‍, അവരുടെ ഹാജര്‍ പലപ്പോഴും അവരുടെ നിയന്ത്രണത്തിലല്ല എന്നത് തന്നെയാണ് അങ്ങനെ പറയാന്‍ കാരണമെന്നും അയാള്‍ പറയുന്നു. അസുഖമാണെങ്കിലും സ്‌കൂളില്‍ പോകാതെ കഴിയില്ലെന്നും അതുകൊണ്ടു തന്നെ വാരാന്ത്യങ്ങളില്‍ മാത്രമെ അസുഖങ്ങള്‍ വരാവൂ എന്നു മകന്‍ പറയുന്നത് കേട്ട് താന്‍ ഞെട്ടി എന്നാണ് അയാള്‍ പറയുന്നത്.

സ്‌കൂളിലെ ഹാജര്‍ അതീവ പ്രാധാന്യമുള്ള ഒന്നാണെന്ന് സമ്മതിക്കുമ്പോഴും, അത് ഫലവത്താക്കാന്‍ റിവാര്‍ഡുകള്‍ സഹായകരമാണെന്ന് സമ്മതിക്കുമ്പോഴും, ഇത് അല്പം കടന്ന കൈയ്യായി പോയി എന്നാണ് നാഥന്‍ പറയുന്നത്. എന്നും, കഠിനാദ്ധ്വാനം ചെയ്ത് റിവാര്‍ഡുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന തന്റെ മകന്റെ ആരോഗ്യം പോലും ഇത്തരമൊരു പദ്ധതി കാരണം ആശങ്കയുയര്‍ത്തുകയാണെന്നും നാഥന്‍ പറയുന്നു. തന്റെ എക്സ് അകൗണ്ടിലൂടെയാണ് നാഥന്‍ ഇത് പങ്കുവച്ചത്.

നൂറ് ശതമാനം ഹാജറിന് റിവാര്‍ഡ് നല്‍കുന്നത് അത്ര നല്ല ഏര്‍പ്പാടല്ലെന്നും അദ്ദേഹം പറയുന്നു. മനപ്പൂര്‍വ്വമല്ലാതെ തന്നെ ഒരു കുട്ടിക്ക് ഒരു വര്‍ഷത്തില്‍ ആറോ ഏഴോ ദിവസങ്ങള്‍ സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാതെ വന്നേക്കാം. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ കുട്ടിയുടെയൊ മാതാപിതാക്കളുടെയോ ന്യന്ത്രണത്തിലാകില്ല. അതുകൊണ്ടു തന്നെ 96 മുതല്‍ 97 ശതമാനം വരെ ഹാജര്‍ ഉള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതായിരിക്കും ആരോഗ്യകരമായ പ്രവണത എന്നും നാഥന്‍ പറയുന്നു.

By admin