• Sun. Feb 23rd, 2025

24×7 Live News

Apdin News

യുകെയിൽ തൊഴിലുകൾ ഇല്ലാതാകുന്നത് റെക്കോർഡ് വേഗത്തിൽ! കാരണം ഉയര്‍ന്ന വേതന നിരക്ക്? – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 22, 2025


Posted By: Nri Malayalee
February 22, 2025

സ്വന്തം ലേഖകൻ: കോവിഡ് കാലത്തിലേതിന് സമാനമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ബ്രിട്ടന്‍ നീങ്ങുന്നത് എന്നതിന്റെ സൂചനകള്‍ പുറത്തു വരുന്നു. കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് ഇപ്പോള്‍ ബ്രിട്ടനില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളും, നാഷണല്‍ ഇന്‍ഷുറന്‍സ്, മിനിമം വേതനം എന്നിവയുടെ വര്‍ദ്ധനവും തൊഴില്‍ നഷ്ട നിരക്ക് കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 നവംബറില്‍ ഉണ്ടായതിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കിലാണ് ഈ ഫെബ്രുവരിയില്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നതെന്ന് എസ് ആന്‍ഡ് പി ഗ്ലോബലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന വേതന നിരക്കാണ് തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നതെന്നും അവര്‍ പറയുന്നു. മിനിമം വേതനവും നാഷണല്‍ ഇന്‍ഷുറന്‍സില്‍ തൊഴിലുടമയുടെ വിഹിതവും വര്‍ദ്ധിപ്പിച്ചതോടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് വര്‍ദ്ധിച്ചു. അതേസമയം, വിപണിയില്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതിനാല്‍ ആവശ്യക്കാര്‍ കുറയുകയും ചെയ്തു. എസ് ആന്‍ഡ് പി ഗ്ലോബലിലെ ചീഫ് ബിസിനസ് എക്കണോമിസ്റ്റ് ആയ ക്രിസ് വില്യംസണ്‍ പറയുന്നത് ഫെബ്രുവരി മാസത്തിലെ പ്രാഥമിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ബിസിനസ് മേഖല തുടര്‍ച്ചയായ നാലാം മാസവും നിശ്ചലമായിരുന്നു എന്നാണ്.

ചെലവ് വര്‍ദ്ധിക്കുന്നു, അതേസമയം വില്‍പന കുറയുകയും ചെയ്യുന്നു. ഇതോടെ പിരിച്ചുവിടലുകളും വര്‍ദ്ധിച്ചു വരുന്നു. സാമ്പത്തിക രംഗത്ത് വളര്‍ച്ചയില്ലാത്തതും അതേസമയം വിലവര്‍ദ്ധനവും കൂടിച്ചേര്‍ന്നുള്ള അത്യന്തം ഗുരുതരമായ സാഹചര്യം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി മാസത്തില്‍ ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിച്ചതായി സര്‍വ്വേ സൂചിപ്പിക്കുന്നു. ഇതിന് പ്രധാന കാരണം വേതന വര്‍ദ്ധനവാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്. വര്‍ദ്ധിച്ച ചെലവ് വ്യാപാരികള്‍ ഉപഭോക്താക്കളിലെക്ക് കൈമാറുന്നതോടെ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കും.

ജനുവരിയിലെ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം മൂന്നു ശതമാനമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ജനുവരി മാസത്തില്‍, സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ കൂടുതലാണിത്.

By admin