Posted By: Nri Malayalee
February 13, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-12-171829-640x389.png?resize=640%2C389)
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ തിരിഞ്ഞു എന്ന് വ്യക്തമായതോടെ ബ്രിട്ടനില്‍ മാധ്യമങ്ങളും തൊഴില്‍ സംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ ഒറ്റയടിക്ക് നാടുകടത്താന്‍ കെല്പുള്ള വജ്രായുധമായി മാറാവുന്ന സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് നിയമ പരിഷ്‌കരണം നടന്നാല്‍ അടുത്തകാലത്ത് കുടിയേറിയ അനേകായിരം മലയാളികളുടെ യുകെയിലെ ഭാവി തുലാസിലാകും. മൂന്നു വര്‍ഷത്തെ വീസയ്ക്ക് ശേഷം പുതുക്കാന്‍ ഹോം ഓഫിസിനെ സമീപിക്കേണ്ടവര്‍ക്ക് തങ്ങളുടെ തൊഴില്‍ ഉടമ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നാട് വിട്ടു പോകേണ്ടി വരും എന്നാണ് ഇപ്പോള്‍ ഉരുത്തിരിയുന്ന സാഹചര്യം.
ഇതുവരെ തൊഴില്‍ ഉടമ നിയമ ലംഘനം നടത്തിയാല്‍ മാത്രം സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് റദ്ദാക്കാം എന്ന നിയമം പോലും പൊളിച്ചെഴുതണം എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. അതായതു സ്പോണ്‍സര്‍ഷിപ് ലൈസന്‍സിന്റെ പേരില്‍ കൂടുതലായി വിദേശത്തു നിന്നും ജീവനക്കാരെ റിക്രൂട് ചെയ്തു എന്ന് ബോധ്യമായാല്‍ ഹോം ഓഫിസിനു ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം നല്‍കും വിധം നിയമ മാറ്റം വേണം എന്നാണ് യുകെയിലെ ഏറ്റവും വലിയ തൊഴില്‍ സംഘടനകളില്‍ ഒന്നായ യൂനിസന്‍ ആവശ്യപ്പെടുന്നത്.
തൊഴിലുടമകള്‍ തങ്ങളുടെ നിയമപരമായ ജോലിയില്‍ വിട്ടു വീഴ്ച കാണിക്കുക മാത്രമല്ല ദുരുപയോഗം ചെയ്തെന്നുമാണ് യൂനിസണ്‍ ഉയര്‍ത്തുന്ന ആക്ഷേപം. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സംഘടനകളില്‍ ഒന്നെന്ന നിലയില്‍ ഇവര്‍ ഉയര്‍ത്തിയ ആക്ഷേപത്തിന് വ്യാപകമായ പിന്തുണയാണ് ഇപ്പോള്‍ കിട്ടുന്നത്. കുടിയേറ്റകാകര്‍ക്ക് പണം വാങ്ങി വീസ നല്‍കുക എന്നതില്‍ കെയര്‍ ഹോം ഉടമകള്‍ വ്യാപൃതരായി എന്ന ആക്ഷേപം ഉയര്‍ത്തുന്നത് ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ്. ഈ രംഗത്തെ ചൂഷണം വളരെ വ്യക്തമായി സര്‍ക്കാരിന് ബോധ്യമുണ്ട് എന്ന് കുടിയേറ്റ മന്ത്രി സീമ മല്‍ഹോത്ര വ്യക്തമാക്കിയതും സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നില്ല എന്നതിന്റെ സൂചനയാണ്. യുകെ വീസ സ്പോണ്‍സര്‍ഷിപ് എന്നത് പ്രോബ്‌ളമാറ്റിക് ആയിക്കഴിഞ്ഞു എന്നാണ് മന്ത്രി പറയുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള യൂനിസന്‍ നടത്തിയ ആവശ്യത്തോട് അനേകം എംപിമാര്‍ സഹകരിക്കാന്‍ തയാറായതോടെ സമീപ ഭാവിയില്‍ തന്നെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനും സാധ്യത ഏറെയുമാണ്. പാര്‍ലമെന്റില്‍ ഡിബേറ്റ് ഹാളില്‍ ഇതിനകം അനേകം എംപിമാര്‍ അനൗപചാരികമായി ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ആയിരകണക്കിന് കുടിയേറ്റക്കാര്‍ എത്താന്‍ കാരണമായത് സ്പോണ്‍സര്‍ഷിപ് പദവി ദുരുപയോഗം ചെയ്തത് കൊണ്ടാണ് എന്ന് ഏവര്‍ക്കും ബോധ്യമായ നിലയിലാണ് ഈ നടപടി. പ്രധാനമായും കെയര്‍ വീസയിലേക്ക് 10000 മുതല്‍ 25000 പൗണ്ട് വരെ കൈക്കൂലി വാങ്ങിയാണ് വീസ നല്‍കിയത് എന്ന വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുന്ന ഗാര്‍ഡിയന്‍ ദിനപത്രം പോരാട്ടത്തിന് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ വഷളാകുന്ന നിലയിലേക്ക് നീങ്ങുന്നത്.
ഗാര്‍ഡിയന്‍ സീനിയര്‍ ജേണലിസ്റ്റ് ശാന്തി ദാസ് അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിരന്തരം ഈ രംഗത്തെ ചൂഷണത്തെ കുറിച്ച് നടത്തിയ റിപ്പോര്‍ട്ടിങ് കൂടിയാണ് ഇപ്പോള്‍ സര്‍ക്കാരിനെ ശക്തമായ നടപടിയിലെക്ക് എത്തിക്കുന്നത്. ലിവര്‍പൂളില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീസ ചൂഷണം ഉണ്ടായി എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഗാര്‍ഡിയന്‍ മാധ്യമ സംഘം ലിവര്‍പൂളില്‍ എത്തി അനേകം മലയാളികളുമായി സംസാരിച്ചിരുന്നു. വീസ കച്ചവടവുമായി ബന്ധപ്പെട്ടു ബ്രിട്ടീഷ് മലയാളിയില്‍ എത്തിയ അനേകം റിപ്പോര്‍ട്ടുകളും മൊഴിമാറ്റം നടത്തി ചതിക്കിരയായ ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നു.
ടൈംസ്, ഡെയിലി മെയില്‍, ഗാര്‍ഡിയന്‍, ടെലിഗ്രാഫ് മുതലായ മുന്‍നിര മാധ്യമങ്ങള്‍ക്കാണ് ഇത്തരം റിപോര്‍ട്ടുകള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇടതു പക്ഷ യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച യുവതിയും കെയര്‍ വീസ തട്ടിപ്പിന് ഇരയായ സാഹചര്യത്തില്‍ അവര്‍ നേരിട്ട് ലണ്ടനില്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം നിരവധി ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപെട്ടു ഈ രംഗത്ത് നടക്കുന്ന ചൂഷണത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.