• Thu. Nov 7th, 2024

24×7 Live News

Apdin News

‘യുകെയിൽ നിൽക്കണം, ശമ്പളവും ലീവുമില്ലാതെ ജോലി ചെയ്യാം,’ ഇന്ത്യന്‍ യുവതിയുടെ പോസ്റ്റിന് വിമർശനം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 7, 2024


Posted By: Nri Malayalee
November 6, 2024

സ്വന്തം ലേഖകൻ: വർഷാവർഷം നിരവധി വിദ്യാർത്ഥികളാണ് മികച്ച ജീവിതവും പഠനവുമെന്ന സ്വപ്നവുമായി കടൽ കടന്ന് ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും മറ്റും പോകുന്നത്. എന്നാൽ അവിടങ്ങളിൽ എത്തുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണെന്ന് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജോലി തേടി ഇവിടെയെത്തുന്ന കുറച്ച് പേർക്കെങ്കിലും ജോബ് മാർക്കറ്റിൽ മികച്ച ജോലി കണ്ടെത്താൻ സാധിക്കുമെങ്കിലും എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ഇപ്പോളിതാ യുകെയിൽ തന്നെ നിൽക്കാൻവേണ്ടി ഏത് ജോലി വേണമെങ്കിലും സൗജന്യമായി ലീവ് പോലുമില്ലാതെ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ടുവന്നിരിക്കയാണ് ഒരു ഇന്ത്യൻ യുവതി.

ശ്വേതാ കോതണ്ഡൻ എന്ന യുവതിയാണ് ജോലി കണ്ടെത്താനാകാതെ ‘അറ്റ കൈ’ ആയി ലിങ്ക്ഡ്ഇന്നിൽ തന്റെ അവസ്ഥ വിവരിച്ച് പോസ്റ്റിട്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ലെയ്‌സെസ്റ്ററിൽ എംഎസ്‌സി എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശ്വേത. എന്നാൽ നല്ല ഒരു ജോലി കണ്ടെത്താൻ ശ്വേതയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2022ൽ ബിരുദം നേടിയ ശ്വേത വീസ കാലാവധി കഴിയാറായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. ഇതോടെയാണ് സോഷ്യൽ മീഡിയ പോസ്റ്റുമായി ശ്വേത അറ്റകൈ പ്രയോഗം നടത്തിയിരിക്കുന്നത്.

‘എന്റെ ബിരുദ വീസയുടെ കാലാവധി മൂന്ന് മാസത്തിൽ അവസാനിക്കുകയാണ്. 2022ൽ ബിരുദം നേടിയ ഞാൻ വീസ സ്‌പോൺസേർഡ് ആയ ഒരു ജോലി നോക്കുകയാണ്. പക്ഷെ ജോബ് മാർക്കറ്റിൽ എന്നെപോലുള്ളവർക്ക് ഒരു വിലയുമില്ല. എന്റെ കഴിവിനോ, ഡിഗ്രിക്കോ വിലയില്ല. ഇതുവരെ മുന്നൂറിൽപരം കമ്പനികൾക്ക് ആപ്പ്ളിക്കേഷൻ അയച്ചെങ്കിലും, അധികമാരും തിരിഞ്ഞുനോക്കിയത് പോലുമില്ല. ഈ പോസ്റ്റ് ആണ് എന്റെ അവസാനത്തെ പ്രതീക്ഷ’ എന്നാണ് ശ്വേത ലിങ്ക്ഡ്ഇന്നിൽ കുറിച്ചത്.

തനിക്ക് യുകെയിൽ നിൽക്കുന്നതിനായി സൗജന്യമായി, ലീവ് പോലും എടുക്കാതെ ജോലി ചെയ്യാമെന്നാണ് ശ്വേത പറയുന്നത്. ‘ ഞാൻ ഒരു ലീവ് പോലും എടുക്കാതെ, വേണമെങ്കിൽ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാണ്. ഡിസൈൻ എഞ്ചിനീയർ റോളുകളിൽ നിങ്ങൾക്ക് ആളെ ആവശ്യമുണ്ടെങ്കിൽ എന്നെ പരിഗണിക്കാമോ?’എന്നാണ് ശ്വേത ലിങ്ക്ഡ്ഇന്നിൽ കുറിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒരു മാസം താൻ ശമ്പളം പോലും ആവശ്യപ്പെടാതെ ജോലി ചെയ്യാമെന്നും, പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെങ്കിൽ അപ്പോൾത്തന്നെ പിരിച്ചുവിടാമെന്നും ശ്വേത വ്യക്തമാക്കുന്നുണ്ട്.

ശ്വേതയുടെ പോസ്റ്റ് വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. വലിയ തുക ലോണെടുത്ത് അന്യരാജ്യത്തേയ്ക്കുപോകുന്ന വിദ്യാർത്ഥികളുടെ അവസ്ഥയിലേക്കാണ് ശ്വേതയുടെ പോസ്റ്റ് വിരൽ ചൂണ്ടുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. സാഹചര്യങ്ങളുടെ സമ്മർദ്ദം കുട്ടികൾക്ക് താങ്ങാവുന്നതിലും അധികമാണോ എന്ന വിഷയത്തിലേക്കും, അന്യരാജ്യങ്ങളിൽ നൽകപ്പെടുന്ന ഡിഗ്രികളുടെ നിലവാരമെന്ത് തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലേക്കും ഈ പോസ്റ്റ് വഴിതുറന്നിരിക്കുകയാണ്.

By admin