Posted By: Nri Malayalee
January 3, 2025
സ്വന്തം ലേഖകൻ: പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ദ്ധനവ് തീര്‍ച്ചയായും പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കുന്ന വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും.
2024 ഡിസംബറില്‍ തന്നെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ ആരംഭത്തില്‍ അണ്‍ലെഡഡ് പെട്രോള്‍ ലിറ്ററിന് 135.6 പെന്‍സ് ഉണ്ടായിരുന്നത് മാസം അവസാനമായപ്പോഴേക്കും 136.4 പെന്‍സ് ആയിരുന്നു. ഡീസല്‍ വിലയും ലിറ്ററിന് 141.6 പെന്‍സില്‍ നിന്നും വര്‍ദ്ധിച്ച് 142.7 പെന്‍സില്‍ എത്തിയിരുന്നു. 2024ല്‍ ഇന്ധനവിലയുടെ കാര്യത്തില്‍ പൊതുവെ ദൃശ്യമായ പ്രവണതയില്‍ നിന്നും വിഭിന്നമായിരുന്നു ഇത്. പൊതുവില്‍ നോക്കിയാല്‍ 2024 ല്‍ ഇന്ധന വിലയില്‍ കുറവ് ഉണ്ടാവുകയായിരുന്നു.
2025 ജനുവരി ഒന്നു മുതല്‍ അണ്‍ലെഡഡ് പെട്രോളിലും (ഇ 10), ഡീസലിലും (ബി 7) റിന്യൂവബിള്‍ ഇന്ധനത്തിന്റെ അനുപാതം വര്‍ദ്ധിപ്പിക്കുവാനാണ് യു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ധനത്തിന്റെ ഘടനയില്‍ വ്യത്യാസം വരുത്തുകയില്ലെങ്കിലും, റീട്ടെയ്ലുകാര്‍ക്ക് ഇന്ധനം ലഭിക്കുന്ന ഹോള്‍സെയില്‍ വിലയില്‍ യഥാക്രമം 0.30 പെന്‍സിന്റെയും 0.40 പെന്‍സിന്റെയും വര്‍ദ്ധനവുണ്ടാക്കും എന്ന് ജി ബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, 60 ലിറ്റര്‍ ടാങ്കുള്ള വലിയ വാഹനങ്ങള്‍ക്ക് ടാങ്ക് നിറയെ ഇന്ധനം നിറയ്ക്കാന്‍ ഇനിമുതല്‍ 24 പൗണ്ട് അധികമായി നല്‍കേണ്ടി വരും.