Posted By: Nri Malayalee
January 21, 2025
സ്വന്തം ലേഖകൻ: യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്.
ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് സെലക്ട് കമ്മിറ്റി പറയുന്നു.
‘ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ പാഴാക്കും, ആര്‍ക്കും ഇത് ഉപകരിക്കില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്ന ഈ പരിപാടി നേരിടുന്നതാകണം ഗവണ്‍മെന്റിന്റെ മുന്‍ഗണനാ വിഷയം’, ചെയര്‍ ലോര്‍ഡ് ജോര്‍ജ്ജ് ബ്രിഡ്ജസ് പറഞ്ഞു.
ജോലിയില്‍ നിന്നും അനായാസം ഒഴിവാകുന്നത് തടയാന്‍ നിബന്ധനകള്‍ കര്‍ശനമാക്കണമെന്നാണ് പിയേഴ്‌സ് നിര്‍ദ്ദേശം. ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നതിന് പകരം ജോലി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്ന നിലപാടിലേക്ക് മാറണം.