Posted By: Nri Malayalee
January 3, 2025
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍ ഈ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി ഉള്ള അപേക്ഷകര്‍ക്ക് മിനിമ ശമ്പളം 23,800ല്‍ നിന്നും 34,830 പൗണ്ട് ആക്കി ഉയര്‍ത്തിയപ്പോള്‍ സ്റ്റെം അനുബന്ധ പി എച്ച് ഡി ഉള്ളവരുടെ മിനിമം ശമ്പളം 20,960 പൗണ്ടില്‍ നിന്നും 30,960 പൗണ്ടാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ ഷോര്‍ട്ടേജ് ഒക്ക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലുകള്‍ക്ക് മിനിമം ശമ്പളം 30,960 പൗണ്ട് ആയിരിക്കണം. ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നേരത്തെ മിനിമം ശമ്പളം എന്ന മാനദണ്ഡത്തില്‍ 20 ശതമാനത്തിന്റെ ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കിയിരിക്കുകയാണ്.
സാങ്കേതിക മേഖല, ആരോഗ്യ സംരക്ഷണ മേഖല, എഞ്ചിനീയറിംഗ് എന്നിവയെ ഒക്കെ ഈ പുതിയ നിയമം ബാധിക്കും. പുതിയ നിയമമനുസരിച്ച്, വളരെ കുറച്ച് തസ്തികകളിലേക് മാത്രമായിരിക്കും വിദേശ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക. മാത്രമല്ല, തൊഴിലുടമകള്‍ക്ക് സ്‌കില്ലുമായി ബന്ധപ്പെട്ട, അവരുടെ ആവശ്യകതകള്‍ പുനര്‍ നിര്‍ണ്ണയം ചെയ്യേണ്ടതായും വരും.ആത്യന്തികമായി ഇത് കൂടുതല്‍ നൈപുണിയുള്ളതും, അതേസമയം നല്ല പ്രതിഫലം ലഭിക്കുന്നതുമായ ഒരു തൊഴില്‍ സേനയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.
എന്നാല്‍,പുതിയ ശമ്പള മാനദണ്ഡങ്ങള്‍ യുകെയിലേക്കുള്ള കുടിയേറ്റം കാര്യമായി തന്നെ കുറയ്ക്കും എന്നതില്‍ സംശയമില്ല നഴ്സുമാര്‍ക്കും കെയറര്‍മാര്‍ക്കും ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതിനാല്‍, യുകെയിലെ തൊഴില്‍ ഒരു സ്വപ്നമായി മാത്രം അവശേഷിച്ചേക്കാം. ഏറ്റവും മികച്ച സമര്‍ത്ഥരെ ആകര്‍ഷിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെങ്കിലും, കൂടുതല്‍ ശമ്പളത്തിനായി വിലപേശേണ്ടിവരുന്ന തൊഴിലന്വേഷകര്‍ക്കും സ്പോണ്‍സര്‍ഷിപ് ചെലവ് വര്‍ദ്ധിക്കുന്ന തൊഴിലുടമകള്‍ക്കും ഇത് ഒരുപോലെ വെല്ലുവിളി ഉയര്‍ത്തും എന്നതില്‍ സംശയമില്ല.
ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വീസ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ചില ഇളവുകള്‍ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഇതിലും മാറ്റങ്ങള്‍ വന്നേക്കും. കുടിയേറ്റകാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സെലക്റ്റീവ് ആകാന്‍ തീരുമാനിക്കുമ്പോള്‍, ഉയര്‍ന്ന ശമ്പളമുള്ള വളരെ ചുരുക്കം പേര്‍ക്ക് മാത്രം ബ്രിട്ടനിലേക്ക് കുടിയേറാന്‍ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക.