Posted By: Nri Malayalee
February 13, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-174331-640x337.png?resize=640%2C337)
സ്വന്തം ലേഖകൻ: 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനൽസ് സ്കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്കീം പ്രകാരം 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ബാലറ്റ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവർക്ക് അപേക്ഷ നൽകി പങ്കെടുക്കാം.
20ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റിൽ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാം. ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്പോർട്ടിന്റെ ഒരു സ്കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ഇതിൽ പങ്കെടുക്കുന്നവരിൽ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കും.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. യുകെയിലെ താമസമടക്കമുള്ള ചെലവുകൾക്കുള്ള സാമ്പത്തിക ഭദ്രതയും ഉണ്ടാകണം. അതിനായി 2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാൽ ലക്ഷം ഇന്ത്യൻ രൂപ) ബാങ്ക് സേവിങ്സും ഉണ്ടായിരിക്കണം. ബാലറ്റിൽ നിന്നും തിരഞ്ഞെടുത്താൽ ഉടൻ തന്നെ വീസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടും.
തിരഞ്ഞെടുക്കപ്പെടാത്തവർക്ക് പ്രസ്തുത കാലയളവിൽ വീസയ്ക്കായി വീണ്ടും അപേക്ഷ നൽകാനാവില്ല. യുകെ – ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വഴി ഇത്തവണ 3000 ഇന്ത്യക്കാർക്ക് രണ്ടു വർഷത്തോളം യുകെയിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം കൈവരും. തിരഞ്ഞെടുപ്പ് ഫലം അന്തിമമായിരിക്കും. അപ്പീൽ നൽകാൻ സാധിക്കുകയില്ല. ഒരു തരത്തിൽ ഭാഗ്യ പരീക്ഷണം എന്ന് തന്നെ പറയേണ്ടി വരും. വിശദ വിവരങ്ങൾക്ക് താഴെക്കാണുന്ന യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക:-
https://www.gov.uk/india-young-professionals-scheme-visa
യുകെ – ഇന്ത്യ യങ് പ്രഫഷണൽസ് സ്കീം ബാലറ്റിൽ പങ്കെടുക്കാൻ താഴെക്കാണുന്ന യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക:-
https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot