• Sat. Oct 26th, 2024

24×7 Live News

Apdin News

യുകെ വീസ അപേക്ഷകരിൽ നിന്ന് ലാംഗ്വേജ് ടെസ്റ്റ് ഫീസ് ഈടാക്കിയത് നിയമവിരുദ്ധമെന്ന് ഹോം ഓഫീസ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 26, 2024


Posted By: Nri Malayalee
October 26, 2024

സ്വന്തം ലേഖകൻ: യുകെയില്‍ വീസ ലഭിക്കാനായി അപേക്ഷിക്കുമ്പോള്‍ ലാംഗ്വേജ് ടെസ്റ്റിനായി നൂറുകണക്കിന് പൗണ്ടാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ ലാംഗ്വേജ് ടെസ്റ്റ് ഫീസുകള്‍ നിയമവിരുദ്ധമാണെന്നാണ് ഹോം ഓഫീസ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടക്കുന്ന ഫീസ് ഈടാക്കല്‍ ഇപ്പോഴും തുടരുന്നതിന് പിന്നില്‍ ഹോം ഓഫീസിന് പണം ആവശ്യമുണ്ടെന്ന ന്യായീകരണം മാത്രമാണ് എന്നതാണ് അത്ഭുതകരം.

ഹോം ഓഫീസ് മന്ത്രി സീമ മല്‍ഹോത്രയാണ് ലോര്‍ഡ്‌സ് കമ്മിറ്റി മുന്‍പാകെ വസ്തുത വെളിപ്പെടുത്തുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യം എങ്ങനെ പരിഹരിക്കുമെന്ന് കണ്ടെത്താന്‍ ഗവണ്‍മെന്റ് തലപുകയ്ക്കുകയാണ്. ലാംഗ്വേജ് ടെസ്റ്റിനും, ക്വാളിഫിക്കേഷന്‍ അസസ്‌മെന്റുകള്‍ക്കുമായി എക്ടിസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഫീസ് ഈടാക്കുന്നത്. 2008 മുതല്‍ നടത്തിവരുന്ന ഈ പരിപാടിക്ക് യാതൊരു നിയമസാധുതയുമില്ലെന്നതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്ന സ്ഥിതിയാണ്.

ഈ വര്‍ഷം കമ്പനിയുമായുള്ള കരാര്‍ പുതുക്കാന്‍ പോകുമ്പോള്‍ മാത്രമാണ് ഈ നിയവിരുദ്ധത തിരിച്ചറിഞ്ഞതെന്നതാണ് അതിശയം. ടെസ്റ്റുകള്‍ക്ക് 400 പൗണ്ട് വരെ ചാര്‍ജ്ജ് ചെയ്യുന്നത് നിയമവിധേയമാക്കാനുള്ള നിയമനിര്‍മ്മാണം നടത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ഹോം ഓഫീസ്. ഇതിന് പുറമെ വീസാ അപേക്ഷകര്‍ക്ക് മില്ല്യണ്‍ കണക്കിന് പൗണ്ട് തിരികെ നല്‍കാനുള്ള പദ്ധതിയും മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.

ലാംഗ്വേജ് ഫീസ് നിയമവിരുദ്ധമാണെന്ന് ഇരിക്കുമ്പോഴും വീസാ അപേക്ഷകരില്‍ നിന്നും സേവനങ്ങള്‍ക്കായി ഹോം ഓഫീസ് തുടര്‍ന്നും ബില്‍ ഈടാക്കുന്നതില്‍ ഹൗസ് ഓഫ് ലോര്‍ഡ് സെക്കന്‍ഡറി ലെജിസ്ലേഷന്‍ സ്‌ക്രൂട്ടിനി കമ്മിറ്റി ഞെട്ടല്‍ രേഖപ്പെടുത്തി. എന്നാല്‍ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചാല്‍ ഇത് പൊതുഖജനാവിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് മന്ത്രി കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്.

എത്ര വീസാ അപേക്ഷകരെ ഈ വീഴ്ച ബാധിച്ചുവെന്നോ, റീഫണ്ടിന് എത്ര തുക വേണമെന്നോ ഗവണ്‍മെന്റിന് അറിയില്ലെന്നും കമ്മിറ്റിയില്‍ മന്ത്രി വെളിപ്പെടുത്തി. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മാത്രം എക്ടിസ് 50 മില്ല്യണ്‍ പൗണ്ട് ഫീസ് ഇനത്തില്‍ നേടിയെന്നാണ് കണക്ക്.

By admin