Posted By: Nri Malayalee
February 26, 2025

അലക്സ് വർഗീസ്: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ നടന്നു. ദേശീയ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.
ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡൻ്റുമാരും റീജിയണുകളിൽ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുൻ പ്രസിഡൻ്റും, മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവ്വാഹക സമിതി. പുതിയ ദേശീയ സമിതി പ്രവർത്തനം ആരംഭിച്ചതിൻ്റെ തുടർച്ചയായി യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികയിലുമുള്ള നിയമനങ്ങൾ യോഗം അംഗീകരിച്ചു.
അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി കുര്യൻ ജോർജ് നിയമിതനായി. സ്ഥാനമൊഴിഞ്ഞ യുക്മ നാഷണൽ കമ്മിറ്റിയുടെ (2022 – 2025) ജനറൽ സെക്രട്ടറിയായിരുന്നു കുര്യൻ ജോർജ്.
കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ കുര്യൻ ജോർജ് ബോൾട്ടൻ മലയാളി അസ്സോസ്സിയേഷൻ അംഗമാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നന്നേ ചെറുപ്പം മുതൽ പൊതുപ്രവർത്തനം ആരംഭിച്ച കുര്യൻ ജോർജ്ജ് ബോൾട്ടൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ്, ബോൾട്ടൻ സീറോ മലബാർ ചർച്ച് ട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. യുക്മ സ്ഥാപിതമായ സമയം മുതൽ യുക്മയുടെ സഹയാത്രികനായ കുര്യൻ ജോർജ്ജ് 2017 – 2019 കാലയളവിൽ യുക്മ സാംസ്കാരിക വേദി അംഗമായി പ്രവർത്തിച്ചു. 2019 ൽ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള ദേശീയ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, യുക്മ സാംസ്കാരിക വേദിയുടെ നാഷണൽ കോർഡിനേറ്ററുടെ ചുമതല കൂടി വഹിച്ചു. കോവിഡ് കാലയളവിൽ യുക്മയുടെ ആഭിമുഖ്യത്തിൽ യുക്മ സാംസ്കാരിക വേദി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധയാകർഷിച്ച “ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദർ” എന്ന പ്രോഗ്രാമിൻ്റെ പ്രധാന ചുമതലക്കാരിൽ ഒരാളായിരുന്നു കുര്യൻ ജോർജ്ജ്. ബോൾട്ടണിലെ സ്കാൻ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ ടീം ലീഡറായി ജോലി ചെയ്യുന്ന കുര്യൻ ജോർജ്ജിൻറെ ഭാര്യ മിനി ബോൾട്ടൻ ഹോസ്പിറ്റലിൽ I V സ്പെഷ്യലിസ്റ്റ് നഴ്സായിട്ട് ജോലി ചെയ്യുന്നു. മക്കൾ അലൻ, ജോഷ്വ.
യുക്മയുടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി നിയമിതനായ കുര്യൻ ജോർജിനെ ദേശീയ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സ്ഥാനമൊഴിയുന്ന പി ആർ ഒ അലക്സ് വർഗീസ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗിക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07877348602 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.