Posted By: Nri Malayalee
January 10, 2025
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ ആദ്യപടിയായി റീജിയണൽ തിരഞ്ഞെടുപ്പുകൾക്കുള്ള തീയ്യതികൾ പ്രഖ്യാപിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനപ്രകാരം ആദ്യ ദിവസമായ ഫെബ്രുവരി 08 ശനിയാഴ്ച യുക്മ നോർത്ത് വെസ്റ്റ് റീജിയനിലും, യുക്മ യോർക്ക്ഷയർ & ഹംബർ റീജിയനിലും, യുക്മ സൌത്ത് ഈസ്റ്റ് റീജിയനിലും തിരഞ്ഞെടുപ്പുകൾ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത്.
രണ്ടാമത്തെ തിരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്ളിയ, ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ്, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പുകൾ യുക്മ ഇലക്ഷൻ കമ്മീഷണർമാർ നേരിട്ടായിരിക്കും നടത്തുന്നത്. കൂടാതെ ഇലക്ഷൻ കമ്മീഷൻ ചുമതലപ്പെടുത്തുന്ന നിരീക്ഷകരും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും.
മറ്റ് റീജിയണുകളിലെ തിരഞ്ഞെടുപ്പ് തീയ്യതികൾ പിന്നീട് തീരുമാനിക്കുന്നതാണ്. റീജിയൻ ഇലക്ഷൻ അവസാനിക്കുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മയുടെ പുതിയ ഭരണസമിതികൾ എല്ലാ റീജിയനുകളിലും തുടർന്ന് ദേശീയ ഭരണ സമിതിയും നിലവിൽ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്.
യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷൻ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ ഭരണസമിതികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നതായി യുക്മ ഇലക്ഷൻ കമ്മീഷണർമാരായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.