• Wed. Jan 22nd, 2025

24×7 Live News

Apdin News

യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട്: ഒരു ദിവസംകൊണ്ട് പുതുക്കൽ തത്കാൽ വഴി മാത്രം

Byadmin

Jan 22, 2025





അബുദാബി: യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യൻ എംബസി. അപേക്ഷിച്ച അതേദിവസംതന്നെ പാസ്പോർട്ട് പുതുക്കിക്കിട്ടണമെങ്കിൽ തത്കാൽ സേവനം തന്നെ തിരഞ്ഞെടുക്കണം. പ്രീമിയം ലോഞ്ച് സേവനം വഴി മൂന്നോ നാലോ ദിവസംകൊണ്ടുമാത്രമേ പുതുക്കിക്കിട്ടൂ എന്നും അധികൃതർ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിൽ നൽകിയ പോസ്റ്റിലാണ് നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇന്ത്യൻ എംബസി വ്യക്തമാക്കിയത്.

സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ, പ്രീമിയം ലോഞ്ച് എന്നിങ്ങനെ മൂന്നു സേവനങ്ങളാണ് ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്യുന്നത്. സാധാരണ പാസ്പോർട്ട് പുതുക്കലിന് ശരാശരി സമയം മൂന്നുമുതൽ നാലുവരെ പ്രവൃത്തി ദിവസങ്ങളാണ്. എന്നാൽ, തത്കാൽ സംവിധാനം വഴിയാണെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അപേക്ഷിച്ചാൽ അന്നേദിവസവും 12 മണി കഴിഞ്ഞാൽ അടുത്ത പ്രവൃത്തി ദിവസവും പുതുക്കിയ പാസ്പോർട്ട് ലഭിക്കും.

യു.എ.ഇ.യിൽ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ബി.എൽ.എസ്. ഇന്റർനാഷണൽ കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുന്നത്. സാധാരണ പുതുക്കലിന് അപേക്ഷ സമർപ്പിക്കുന്നതിന് യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികൾ കമ്പനിയുടെ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. എന്നാൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

പാസ്പോർട്ട് പുതുക്കാൻ ഇന്ത്യയിൽനിന്നുള്ള പോലീസ് ക്ലിയറൻസ് ആവശ്യമാണ്. സാധാരണ പാസ്പോർട്ടുകൾ പുതുക്കി നൽകുന്നതിനു മുൻപുതന്നെ പോലീസ് ക്ലിയറൻസ് ലഭിക്കണം. എന്നാൽ, തത്കാൽ സേവനം ആണെങ്കിൽ പുതുക്കിയ പാസ്പോർട്ട് കിട്ടിയശേഷം ക്ലിയറൻസ് ലഭിച്ചാൽ മതിയാകും.



By admin