• Fri. Sep 19th, 2025

24×7 Live News

Apdin News

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

Byadmin

Sep 19, 2025


ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ, എൻ. കോടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിനു മുൻപാകെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

‘അമ്മ’ എന്ന വാക്ക് യഥാർഥ, അല്ലെങ്കിൽ ജൈവിക അമ്മയെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും, രണ്ടാനമ്മയെ അല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

”പെൻഷൻ അവകാശമായി ആവശ്യപ്പെടാവുന്ന ഒന്നാണെങ്കിലും, അത്തരത്തിലുള്ള അവകാശം പരിപൂർണമോ നിരുപാധികമോ അല്ല എന്നത് നിയമപരമായി അംഗീകരിക്കപ്പെട്ട തത്വമാണ്. പെൻഷൻ ആനുകൂല്യങ്ങൾ തേടുന്ന ഒരാൾ ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കു കീഴിൽ വ്യക്തമായ അർഹത തെളിയിക്കണം”, കേന്ദ്രം പറഞ്ഞു.

ജയശ്രീ വൈ. ജോഗി എന്ന വനിതയ്ക്ക് സ്പെഷ്യൽ ഫാമിലി പെൻഷൻ നിഷേധിച്ച സായുധ സേനാ ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രത്തിന്‍റെ ഈ നിലപാട്.

മരിച്ച എയർമാനെ ആറ് വയസ് മുതൽ വളർത്തിയത് ജയശ്രീ ആയിരുന്നു. കുട്ടിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ് ജയശ്രീയെ. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ‘മകൻ’ മരിച്ച ശേഷമുള്ള പെൻഷൻ ജയശ്രീക്ക് നിഷേധിക്കപ്പെട്ടത്.

തന്‍റെ മകൻ എയർമാനായി ജോലി ചെയ്യുകയായിരുന്നു എന്നും, 2008 ഏപ്രിൽ 28ന് എയർഫോഴ്സ് മെസ്സിൽ ഭക്ഷണം കഴിക്കുമ്പോൾ ദുരൂഹസാഹചര്യങ്ങളിൽ മരിച്ചുവെന്നും ജയശ്രീ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ ആയിരുന്നു എന്നാണ് എയർഫോഴ്സ് അവകാശപ്പെട്ടത്.

By admin