Posted By: Nri Malayalee
November 8, 2024
സ്വന്തം ലേഖകൻ: രണ്ടു മാസത്തിനിടെ രണ്ടാം വട്ടവും അടിസ്ഥാന പലിശ നിരക്കിൽ ഇളവു വരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിലവിൽ അഞ്ചു ശതമാനമായിരുന്ന പലിശ നിരക്ക് 4.75 ശതമാനമായാണ് കുറച്ചത്. ഓഗസ്റ്റ് ഓന്നിനാണ് ഇതിനു മുമ്പ് കാൽശതമാനം പലിശ നിരക്ക് കുറച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇത്.
ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് വീണ്ടും 0.25 ശതമാനം പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒട്ടേറെ സമ്മർദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളിൽ ഇനിയും പലിശനിരക്ക് കുറഞ്ഞേക്കുമെന്ന ശുഭസൂചന നൽകുന്ന തീരുമാനമണിത്.
തുടർച്ചയായ രണ്ടാം വട്ടവും കാൽ ശതമാനത്തിന്‍റെ കുറവ് ഉണ്ടായതു മൂലം മോർഗേജ് തിരിച്ചടവിലും മറ്റും കാര്യമായ കുറവ് അനുഭവപ്പെടും. പുതിയ മോർഗേജുകളുടെയും റീ മോർഗേജുകളുടെയും ട്രെൻഡ് നിശ്ചയിക്കാൻ ഈ തീരുമാനം ഉപകരിക്കും. പലിശ നിരക്കിൽ കുത്തനെയുള്ള കുറവ് വരും മാസങ്ങളിൽ പ്രതിക്ഷിക്കേണ്ടതില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.