• Thu. May 14th, 2026

24×7 Live News

Apdin News

രമേശ് ചെന്നിത്തലയ്ക്കും സുകുമാരൻ നായർക്കും അതൃപ്തി

Byadmin

May 14, 2026


തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ തെരഞ്ഞെടുത്തതിൽ രമേശ് ചെന്നിത്തല രഹസ്യമായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യമായും അതൃപ്തി അറിയിച്ചു.

തന്‍റെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. സതീശനെ നിയമസഭാ കക്ഷി നേതാവാക്കാനുള്ള തീരുമാനം അറിയിച്ചതല്ലാതെ രാഹുൽ ഗാന്ധി കൂടുതൽ ചർച്ചകൾ ചെന്നിത്തലയുമായി നടത്തിയില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സമവായ ഫോർമുല എന്ന രീതിയിൽ മറ്റ് ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം ഇതോടെ ചെന്നിത്തലയ്ക്കു നഷ്ടമായി. തുടർന്ന് തീരുമാനത്തിലെ കടുത്ത അതൃപ്തി അദ്ദേഹം രേഖപ്പെടുത്തി എന്നാണ് അറിയുന്നത്.

വി.ഡി. സതീശനെയോ കെ.സി. വേണുഗോപാലിനെയോ അനുകൂലിക്കുന്നവർ കേരളത്തിൽ പരസ്യമായി തെരുവിലിറങ്ങിയപ്പോഴും താനും തന്‍റെ കൂടെയുള്ളവരും സംയമനം പാലിച്ചു. ഈ അച്ചടക്കം പോലും എഐസിസി കണക്കിലെടുത്തില്ലെന്ന് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്.

സതീശനെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തീരുമാനിക്കുന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചെന്നിത്തല ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്.

ഇതിനിടെ, ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും രംഗത്തെത്തി. ‍യാതൊരു മാനദണ്ഡവും ജനാധിപത്യരീതികളും സ്വീകരിക്കാതെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് സുകുമാരൻ നായർ പറഞ്ഞു. അങ്ങനെ സ്വീകരിച്ചിരുന്നെങ്കിൽ തീരുമാനം ഇത്രയും വൈകില്ലായിരുന്നു എന്നും സുകുമാരൻ നായർ. ചെന്നിത്തലയെ പിന്തുണയ്ക്കുകയും സതീശനെ എതിർക്കുകയും ചെയ്യുന്ന നിലപാടാണ് എൻഎസ്എസ് നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്.

By admin