• Fri. Nov 28th, 2025

24×7 Live News

Apdin News

രാജ്യത്ത് ജിഡിപി ഉയര്‍ന്ന നിരക്കില്‍; 2025ലെ രണ്ടാം പാദത്തില്‍ ജിഡിപി 8.2 ശതമാനമായി

Byadmin

Nov 28, 2025


2025ലെ രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്ന നിരക്കില്‍. ജിഡിപി 8.2 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഫലമായാണ് മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. (India’s GDP rises by 8.2% in Q2)

നിര്‍മാണ മേഖലയില്‍ ഏഴ് ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 9.1 ശതമാനമാണ് നിര്‍മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക്. ബാങ്കിംഗ്, ഫിനാന്‍സ്, റിയല്‍ എസ്റ്റേസ്റ്റ് മേഖലകള്‍ നല്ല വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തി. കാര്‍ഷിക അനുബന്ധ മേഖലയില്‍ 3.5 ശതമാനം വളര്‍ച്ചയും വൈദ്യുതി, ഗ്യാസ് മറ്റ് യൂട്ടിലിറ്റി മേഖല 4.4 ശതമാനവും വളര്‍ച്ച മാത്രമാണ് കൈവരിച്ചത്.

2024ലെ സെപ്റ്റംബര്‍ പാദത്തിലെ 5.6 ശതമാനം വളര്‍ച്ചയാണ് ഇപ്പോള്‍ ഈ വര്‍ഷം ഇതേ സമയത്ത് 8.2 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. റിയല്‍ ജിഡിപി 48.63 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇത് 44.95 ലക്ഷം കോടി രൂപയായിരുന്നു. പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍ രാജ്യത്തിനാകെ പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള നയങ്ങളും പദ്ധതികളും ഫലം കാണുകയാണെന്നും ഇന്ത്യന്‍ ജനതയുടെ കഠിനാധ്വാനം ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യയിലെ ഓരോ പൗരന്റേയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കര്‍മ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin