കൊച്ചി: കേരളം സന്ദർശനം തുടരുന്ന രാഷ്‌ട്രപതി ദ്രൗപതി മുർമു വെള്ളിയാഴ്ച കൊച്ചിയിലെത്തും. രാവിലെ 11.30 ന് കുമരകത്ത് നിന്ന് രാഷ്‌ട്രപതി ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ ഹെലിപാഡിൽ ഇറങ്ങും. മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, ദക്ഷിണ നാവികസേനാ മേധാവി തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം സെന്‍റ് തെരേസാസ് കോളെജിലേക്ക് തിരിക്കും.
11.55 ന് സെന്‍റ് തെരേസാസ് കോളെജ് ശതാബ്ദിയാഘോഷം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിന് ശേഷം രാഷ്‌ട്രപതി ബോൾഗാട്ടി പാലസിലെത്തും. ഇവിടെയാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്.വിശ്രമത്തിനു ശേഷം റോഡ് മാർഗം നാവികസേനാ ഹെലിപാഡിലെത്തും. 1.20 ന് നാവിക സേന ഹെലിപ്പാഡിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 1.55 ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാഷ്‌ട്രപതി റോഡ് മാർഗം സഞ്ചരിക്കുന്ന സമയങ്ങളിൽ ദക്ഷിണ നാവിക സേന ആസ്‌ഥാനത്തിനും ബോൾഗാട്ടി പാലസിനുമിടയിൽ ഗതാഗതം പൂർണമായും സ്തംഭിക്കും. ഈ വഴിയിൽ വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.