• Tue. Aug 26th, 2025

24×7 Live News

Apdin News

രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; എംഎല്‍എ സ്ഥാനത്ത് തുടരും

Byadmin

Aug 26, 2025





തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.

രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

മാങ്കൂട്ടത്തില്‍ എംഎല്‍എ പദത്തില്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.



By admin