പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നിൽ ഔദ്യോഗികമായി പരാതിയെത്തി.
യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് ശേഷം രാഹുൽ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
അതേസമയം, കോൺഗ്രസും യുഡിഎഫും തദ്ദേശ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ മുഴുകി നിൽക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി വന്നിരിക്കുന്നത്. ലൈംഗിക പീഡനത്തിൻെറ പരിധിയിൽ വരുന്ന പരാതിയിൽ പൊലീസ് നടപടികൾ തുടങ്ങുകയും അറസ്റ്റിലേക്ക് കടക്കുകയും ചെയ്താൽ പിന്നെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം അതായി മാറും.
അപ്പോൾ യുഡിഎഫ് ഉന്നയിക്കുന്ന ശബരിമല സ്വർണക്കൊളള പോലുളള വിഷയങ്ങൾ പിന്തളളപ്പെടും. അതാണ് രാഹുലിന് എതിരായ പരാതി യുഡിഎഫിനും കോൺഗ്രസിനും ഉണ്ടാക്കാൻ പോകുന്ന തിരിച്ചടി. ആക്ഷേപങ്ങൾക്ക് പിന്നാലെ രാഹുലിനെ സസ്പെൻറ് ചെയ്തു എന്നതാണ് കോൺഗ്രസിൻെറ പിടിവളളി.
പരാതിയും കേസും ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യം ഉയരുന്നതും കോൺഗ്രസിന് തലവേദനയാകും. സ്വർണപ്പാളി മോഷണത്തിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഐഎം നടപടി എടുക്കാത്തതെന്താണെന്ന ചോദ്യത്തെയും ഇത് ദുർബലമാക്കും. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കോൺഗ്രസിനുളളിൽ തന്നെയുണ്ട്. എന്നാൽ പുറത്താക്കേണ്ടെന്ന അഭിപ്രായം ഉളളവരും ഉളളതിനാൽ പാർട്ടിയിൽ തർക്കവിഷയമായി മാറാനും സാധ്യതയുണ്ട്.