തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുൽ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. രാഹുൽ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പുലര്‍ച്ച തന്നെ അടൂരിലെ വീട്ടിൽ നിന്നും ഇറങ്ങി എന്നാണ് വിവരം. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ കയറി വന്നത്.
സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുകയെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
ഒക്ടോബര്‍ 10 വരെയാണ് നിയമസഭ സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.