Posted By: Nri Malayalee
February 24, 2025

സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ റമസാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രണ്ടര മണിക്കൂറും വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറും ജോലി സമയം കുറയും.
പുതുക്കിയ സമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവൃത്തി സമയം. ഇതനുസരിച്ച് വിദൂര ജോലി (വർക്ക് ഫ്രം ഹോം) സമയവും ക്രമീകരിക്കാം. വെള്ളിയാഴ്ചകളിൽ മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരെ വിദൂര ജോലി അനുവദനീയമാണ്. റമസാൻ മാസപ്പിറവി അനുസരിച്ചാണ് വ്രതം ആരംഭിക്കുന്നതെങ്കിലും മാർച്ച് ഒന്നിനായിരിക്കും വ്രതാരംഭം എന്നാണ് സൂചന.
നിലവിലെ സമയം
സാധാരണ ദിവസങ്ങളിൽ സർക്കാർ ജീവനക്കാർ 7.30 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് ജോലി ചെയ്തുവരുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 വരെയും. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. എന്നാൽ ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാണ് ജോലി സമയം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഇവർക്ക് വാരാന്ത്യം.