• Wed. Nov 26th, 2025

24×7 Live News

Apdin News

റയ്യാന്‍ സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം; ശൈഖ് ബദര്‍ സ്വാലിഹ്

Byadmin

Nov 26, 2025


മനാമ: ബഹ്‌റൈനിലെത്തിയ മലയാളികള്‍ അവരുടെ കുട്ടികളുടെ മത സാംസ്‌കാരിക ജീവിതം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അച്ചടക്കവും കെട്ടുറപ്പുമുള്ള ഒരു സാമൂഹ്യ നിര്‍മ്മിതിക്ക് മത പഠനം ഏറെ അത്യന്താപേക്ഷിതമാണെന്നും റയ്യാന്‍ സ്റ്റഡി സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ ഈ കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ ഏറെ അഭിനന്ദനീയമാണെന്നും ബഹ്റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ഹിസ് എക്സലന്‍സി ഷെയ്ഖ് ബദര്‍ സ്വാലിഹ് അല്‍ തമീമി അഭിപ്രായപ്പെട്ടു.

‘മലബാരികള്‍ എന്നും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തോടൊപ്പം അവരുടെ കായികക്ഷമതയും സംരക്ഷിക്കാനാവശ്യമായ മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചു അവര്‍ മറ്റുള്ള പ്രവാസി സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള മെഗാ ഈവന്റുകള്‍ സംഘടിപ്പിക്കാനുള്ള സംഘാടന മികവും പ്രവര്‍ത്തന പാടവവും ഞങ്ങള്‍ വളരെ അസൂയയോടെയാണ് നോക്കിക്കാണുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റയ്യാന്‍ സെന്ററും അല്‍ മന്നായി മലയാള വിഭാഗവും സംയുക്തമായി ഹമല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2025’ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ മന്നായി സെന്റര്‍ സയന്റിഫിക് ഡയറക്ടര്‍ ഡോ. സഅദുല്ലാ അല്‍ മുഹമ്മദി അത്‌ലറ്റുകളുടെ ലൈന്‍അപും വിവിധ സ്‌കോഡുകളുടെ ക്രമീകരണങ്ങളും വീക്ഷിച്ചു. ‘ശക്തനായ ഒരു മുസ്ലിമാണ് അശക്തനെക്കാള്‍ ഉത്തമന്‍’ എന്ന പ്രവാചക വചനം അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. ജീവിതത്തിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാനാവശ്യമായ പല മുഹൂര്‍ത്തങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ മന്നായി മലയാള വിഭാഗം പ്രസിഡന്റ് ടിപി അബ്ദുല്‍ അസീസും ഡോ. സഅദുല്ലയും ചേര്‍ന്ന് റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ മെമെന്റോ ഷെയ്ഖ് ബദര്‍ സ്വാലിഹിന് സമ്മാനിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്ത മെഗാ സ്‌പോര്‍ട്‌സില്‍ നീല, പച്ച എന്നീ ഹൗസുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റയ്യാന്‍ സെന്റര്‍ ചെയര്‍മാന്‍ വിപി അബ്ദുല്‍ റസാഖ്, യാക്കൂബ് ഈസ, ഹംസ കെ ഹമദ്, എംഎം രിസാലുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

അബ്ദുല്‍ സലാം ചങ്ങരം ചോല, തൗസീഫ് അഷ്റഫ്, നഫ്‌സിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സജ്ജാദ് ബിന്‍ അബ്ദു റസാഖ്, നഫ്‌സിന്‍, സുഹാദ് ബിന്‍ സുബൈര്‍, സാദിഖ് ബിന്‍ യഹ്യ എന്നി ഹൗസ് ലീഡര്‍മാര്‍ കുട്ടികള്‍ക്ക് മത്സരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കി.

സ്‌പോര്‍ട്‌സ് ഈവന്റ് വന്‍ വിജയമാക്കാന്‍ വിവിധ സഹായ സഹകരണങ്ങള്‍ നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്കും, ഹൗസ് മാനേജേഴ്സിനും, ജഡ്ജസിനും, വോളണ്ടിയേഴ്സിനും അവരുടെ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്കും, അധ്യാപികാ അധ്യാപകന്മാര്‍ക്കും, രക്ഷിതാക്കള്‍ക്കും റയ്യാന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് ചാലിയം നന്ദി പ്രകടിപ്പിച്ചു.

The post റയ്യാന്‍ സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം; ശൈഖ് ബദര്‍ സ്വാലിഹ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin